മദീനയിൽ നിന്നും വത്തിക്കാനിലേക്കുള്ള ദൂരം

For advertisement related queries, contact 9447448969
Skip Navigation Links
മദീനയിൽ നിന്നും വത്തിക്കാനിലേക്കുള്ള ദൂരം
Posted on Sunday, January 13, 2013
ത്തിക്കാൻ യാത്ര കഴിഞ്ഞെത്തിയ പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും പൊരുളുകളെ കുറിച്ച് കേരള എഡിറ്റോറിയലിനോട് സംസാരിക്കുന്നു.

 കളങ്കിതവും മതസ്‌പർദ്ദ നിറഞ്ഞതുമായ ആധുനിക സമൂഹത്തോട് എന്ത് സന്ദേശമാണ് താങ്കൾക്ക് നൽകാനുള്ളത്?
     ‘മനുഷ്യരിൽ സത്യവിശ്വാസികളോട് ഏറ്റവും കൂടുതൽ ശത്രുതയുള്ളവർ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങൾ കൃസ്ത്യാനികളാണ് എന്ന് പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതൽ സ്‌നേഹമുള്ളവരെന്നും അവരിൽ പണ്ഡിതരും പുണ്യാളന്മാരുമുണ്ടെന്നതും അവർ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിന് കാരണം.'''''''' (ഖുർആൻ- 5:82)
- ഇരുൾമൂടിയ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകൻ മുഹമ്മദ് അധിപനായ ഇസ്‌ലാമിക രാഷ്ട്രം. ഭരണ നിർവഹണത്തിന്റെ സിംഹാസനമായിരുന്ന മദീന പള്ളിയായിരുന്നു ഇസ്‌ലാമിന്റെ ‘വത്തിക്കാൻ’. റോമിലെ വത്തിക്കാൻ നഗരത്തിലെ പോപ്പ് ഹൗസിൽ നിന്നെന്ന പോലെ അന്ന് ലോക മുസ്‌ലീങ്ങൾ മദീന പള്ളിയിൽ നിന്നുള്ള പ്രവാചകന്റെ സ്വരത്തിന് കാതോർത്തു. രാജ്യത്തിന്റെ അതിരുകളൾക്കതീതമായി വിശാലമായ സാഹോദര്യത്തിനും സഹിഷ്ണുതക്കും പ്രാമുഖ്യം നൽകിയ ഭരണാധികാരിയും അവദൂതനുമായ മുഹമ്മദ് നബി ലോകജനതക്ക് അപരിചിതമായൊരു വീക്ഷണം അവതരിപ്പിച്ചു. യമൻ, നജ്‌റാൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുമുള്ള ക്രൈസ്തവ പാതിരിമാരെ പ്രവാചകൻ അഥിതികളായി ക്ഷണിച്ച് മദീനാ പള്ളിയിൽ ദിവസങ്ങളോളം താമസിപ്പിച്ച് പ്രാർഥനക്കും ആശയവിനിമയത്തിനും സൗകര്യം നൽകി. പ്രവാചകന്റെ  അനുചരൻമാർ മറ്റ് വിശ്വാസികളുടെ അടുത്തേയ്ക്ക് ചെല്ലുകയും  ഇസ്‌ലാമിക സന്ദേശം നൽകുകയും തുറന്ന സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.ലാളിത്യത്തിന്റെ പര്യായവും അറബ് ലോകത്തിന്റെ അധിപനുമായിരുന്ന രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് ജറൂസലേമിലെ ഉയർത്തെഴുന്നേൽപ്പിന്റെ പള്ളിയിൽ പാത്രിയാർക്കിസ് ബാവയുടെ ആതിഥ്യത്തിൽ ഭക്ഷണവും വിശ്രമവും സ്വീകരിച്ച് പ്രാർഥന നടത്തിയിരുന്നു. നമസ്കാര സമയമായപ്പോൾ അംഗശുദ്ധി വരുത്താൻ വെളളവും നമസ്കരിക്കാൻ വിരിപ്പും (മുസല്ല) ചർച്ചിൽ സൗകര്യവും ഒരുക്കിയപ്പോൾ ഉമർ വെള്ളം മാത്രംസ്വീകരിച്ച് നമസ്കാരത്തിനുള്ള സ്ഥലം പള്ളിക്ക് പുറത്ത് കണ്ടെത്തി. ‘പ്രാർഥനക്ക് കോട്ടം തട്ടുന്നതിനാലല്ല ഞാൻ ഇവിടെ നമസ്കരിക്കാത്തത്. ഖലീഫ നമസ്കരിച്ച സ്ഥലമാണെന്ന് പറഞ്ഞ് പിൽകാലത്ത് ആരെങ്കിലും അവകാശവാദം ഉന്നയിച്ചാൽ രണ്ട് മതങ്ങൾക്കിടയിലുള്ള ബന്ധ്ധിന് അത് വിഘാതമാകും’-ഇതായിരുന്നു അദ്ദേഹം നൽകിയ മറുപടി.
ഈ കഥ ഒരുപാട് സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നുണ്ട്. നാം ഏവരും ശ്രദ്ധയോടെ ചിന്തിക്കേണ്ടതും മനസിലാക്കേണ്ടതുമായ ശ്രേഷ്ടമായ പാഠങ്ങളാണിവ.

 ഇപ്പോഴത്തെ വത്തിക്കാൻ യാത്ര എത്രത്തോളം പ്രസക്തമാണ് ?
     ലോകത്തെ ഏറ്റവും സ്‌നേഹസമ്പന്നനും കാരുണ്യവാനുമായി വാഴ്ത്തപ്പെടുന്ന യേശുവിന് ജന്മം നൽകിയതിനാൽ പുണ്യഭൂമിയായി തീർന്ന ജറുസലേമും ബത്‌ലഹേമുമെല്ലാം അടങ്ങുന്ന ഫലസ്തീനിൽ ഞാൻ യാത്ര തിരിക്കുന്ന ദിവസവും കടുത്ത ബോബാക്രമണം നടക്കുന്നുണ്ടായിരുന്നു. ബൊംബേറിൽ കുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാം മാംസക്കഷ്ണങ്ങളായി ചിതറിയ രാത്രിയിലായിരുന്നു മതസൗഹാർദത്തിന്റേയും ഐക്യദാർഢ്യത്തിന്റേയും ‘കേരള മോഡൽ’ യാത്ര ഞങ്ങൾ നടത്തിയത്.

 യാത്രയിലുടനീളം താങ്കളുടെ മനസിൽ എന്തായിരുന്നു ?
     ദുബൈ വഴിയുള്ള എമിറേറ്റ്‌സ് വിമാന്ധിൽ മധ്യേഷ്യക്ക് മുകളിലൂടെ പോകുമ്പോൾ ഇസ്രായേലിലെയും ഫലസ്തീനിലെയും ആരാധാനലായങ്ങൾ പരസ്പരം തുറന്ന് കൊടുത്ത പ്രവാചക കാലമായിരുന്നു മനസ് നിറയെ.

 യാത്രയെ കുറിച്ച് കൂടുതൽ ?
     മലങ്കര കത്തോലിക്കാസഭയുടെ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയും മാർ ക്ലിമ്മീസുമായുള്ള സൗഹൃദമാണ് റോമിലേക്കുള്ള യാത്രക്ക് കാരണമായത്. തിരുവനന്തപുരം കേന്ദ്രീകരിച്ചും സംസ്ഥാനത്തുടനീളവും നടത്തിയ മതസൗഹാർദ പ്രവർത്തനങ്ങളിലെ സഹപ്രവർത്തകനായ ക്ലിമ്മീസ് കാതോലിക്കാബാവ സാർവത്രിക സഭയിലെ രാജകുമാരന്മാരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെടുന്ന പ്രൗഢമായ ചടങ്ങിൽ പങ്കെടുക്കാനാണ് പോയത്. അത്  അപൂർവ്വമായ ഒരു അനുഭവം തന്നെയായിരുന്നു. പാളയം ഇമാം എന്ന നിലയിൽ ആ മഹാസംഗമത്തിൽ പങ്കടെുക്കാനായത് അവിസ്മരണീയമായി കരുതുന്നു.
പ്രൗഢിയാർന്ന ബസിലിക്കയിൽ ഔദ്യാഗിക മത ചടങ്ങിനെത്തിയ ഞാൻ ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌ന   ജ്ഞാനതപസ്വി, ശിവഗിരി ആശ്രമത്തിലെ സ്വാമി സൂക്ഷ്മാനന്ദ എന്നിവരോടൊപ്പമാണ് രാവിലെ 11ന് സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രവേശിച്ചത്. ലോക മാധ്യമങ്ങൾ തന്നെ ശ്രദ്ധിച്ച നിമിഷങ്ങളായിരുന്നു അത്. ക്രിസ്തു മതത്തിലെ ഉന്നത പിതാക്കൾ, കർദിനാൾമാർ, വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ എന്നിവർക്കൊപ്പം മുൻനിരയിൽ തന്നെയായിരുന്നു ഇരിപ്പിടം. സ്ഥാനാരോഹണ ചടങ്ങ് കഴിഞ്ഞ് അഭിഷിക്തരായവർക്ക് ആശംസ നേരാൻ എല്ലാവർക്കും അവസരം തുല്യമായി നൽകി. ആയിരകക്കണക്കിന് വിശ്വാസികൾ ബസിലിക്കയിൽ സമ്മേളിച്ചിരുന്നു. എന്നാൽ പോപ്പിനെ അടുത്ത് കാണാൻ അവസരം ലഭിച്ചവർക്ക് പോലും അദ്ദേഹത്തെ തൊടാനോ കൈ മുത്താനോ അനുവാദമില്ലായിരുന്നു. ഇത് പ്രശംസനീയമായൊരു മാതൃകയാണെന്ന് തോന്നി. നിരവധി മലയാളികളും വത്തിക്കാൻ സ്ക്വയറിലെത്തിയിരുന്നു. വിവിധ ബിഷപ്പുമാരുമായും മറ്റും ചെറിയ സംഘങ്ങളായി പരസ്പരം ആശയവിനിമയം നടത്താനായി. പലർക്കും ഇസ്‌ലാമിനെ കുറിച്ച് ഉണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും മനസിൽ വലിയ തുറസുകൾ സൃഷ്ടിക്കാനും ഇടയായി. അന്യ രാജ്യക്കാരയ ക്രൈസ്തവ പുരോഹിതൻമാർ ‘മുസ്‌ലീം ബിഷപ്’ എന്നായിരുന്നു അതിസംബോധന ചെയ്തത്. ഇത് പുണ്യമായി കാണുന്നു.

 മടക്കം ?
     പ്രത്യേകം നിർമിച്ച ഉപഹാരം ദൂതൻമാർ വഴി പോപ്പിന് നൽകിയ ശേഷമാണ് മടങ്ങിയത്. സ്വന്തം പേരും പാളയം പള്ളിയുടെ വിലാസവും വശങ്ങളിൽ രേഖപ്പെടുത്തി. ഒപ്പം ഖുർആനിലെ ഈ വരികളും – ‘പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്ക്
വരിക...’ (ഖുർആൻ-3: 64)

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം