ഇനി ഗര്‍ഭപാത്രങ്ങളും ആര്‍.എസ്.എസ് പിടിച്ചെടുക്കും
വെളുപ്പ്, ഉയരം, ബുദ്ധി: ഇവ മൂന്നിനെയും കൂട്ടിയിണക്കുന്നതെന്താണ്? ഒറ്റനോട്ടത്തിൽ ഇവ മൂന്നും തമ്മിൽ ശാസ്ത്രീയമായ ബന്ധമൊന്നുമില്ലെന്ന് കൊച്ചു കുഞ്ഞുങ്ങൾക്കുവരെ അറിയാം. എങ്കിലും, നാം ജീവിക്കുന്ന ലോകത്തിെൻറ പൊതുബോധത്തിൽ ഇവ മൂന്നിനെയും പരസ്പരബന്ധിതമായി കാണാൻ പ്രേരിപ്പിക്കുന്ന ഏതോ ഒരു യുക്തി പ്രവർത്തിക്കുന്നുണ്ട്. ആ യുക്തി ഒരേസമയം ഏറ്റവും പുതിയതും എന്നാൽ, പഴക്കം തോന്നിക്കുന്നതുമാണ്. നമ്മുടെ സിനിമകളും പരസ്യങ്ങളും ഉൽപാദിപ്പിക്കുന്ന ശരീരബോധം അതാണ്. അതുപോലെ നമ്മുടെ സംസ്കാരത്തിലെ പ്രബല ബോധമായ ബ്രാഹ്മണിസവും വെച്ചുനീട്ടുന്നത് ഇതുതന്നെ. അങ്ങനെ ബ്രാൻഡഡ് ആയ ഒരു ശരീരബോധത്തെ കുപ്പായവും െഎസ്ക്രീമും ഗൃഹോപകരണ സാധനങ്ങളും വിൽക്കുന്നപോലെ വിൽക്കാനായാൽ അത് ഇന്നത്തെ കാലാവസ്ഥയിൽ നന്നായി വിൽക്കപ്പെടുന്ന ഒന്നാണെന്ന് മാർക്കറ്റ് വിദഗ്ധർ പറയും. എന്നാൽ, ഇത് രാഷ്ട്രീയമായി വിൽക്കാൻ സാധിച്ചാലോ? എന്നുപറഞ്ഞാൽ കറുത്തതും കുറിയതുമായ ഉടലുകൾക്കെതിരെ വെളുത്തതും ഉയരമുള്ളതുമായ ഉടലുകൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയബോധം ബലംപ്രയോഗിച്ച് സമൂഹത്തിൽ അടിച്ചേൽപിക്കുകയാണെങ്കിൽ അതിനെ ഫാഷിസം എന്നല്ലാതെ കുറഞ...