ക്യാമ്പസ് ചിത്രവുമായി കസ്തൂരി രാജാ മലയാളത്തിലേക്ക്

ഫോട്ടോ: സംവിധായകന്‍ കസ്തൂരി രാജാ (മധ്യത്തില്‍), സിമ്പിള്‍ ബഷീര്‍, ഷെബി ബഷീര്‍, മിത്രന്‍ ബാബു, അജിത്ത് രാജ് എന്നിവര്‍ക്കൊപ്പം

പ്രശസ്ത തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജാ ആദ്യ മലയാള സിനിമ സംവിധാനം ചെയ്യാനത്തെുന്നു. സിമ്പിള്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ സിമ്പിള്‍ ബഷീര്‍ നിര്‍മ്മിക്കുന്ന ‘ക്ളോസ് ഫ്രണ്ട്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കസ്തൂരി രാജാ മലയാളത്തിലത്തെുന്നത്. കന്നി മലയാളചിത്രത്തിന്‍്റെ കഥ, തിരക്കഥ രചനയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകനായ ധനുഷ്, സംവിധായകന്‍ ശെല്‍വരാഘവന്‍ എന്നിവരുടെ പിതാവുകൂടെയാണ് കസ്തൂരി രാജ. 
തമിഴില്‍ പുതുമുഖങ്ങളെ മാത്രം വച്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച് ചരിത്രം കുറിച്ച കസ്തൂരി രാജാ ഷെബി ബഷീര്‍, മിത്രന്‍ ബാബു എന്നീ പുതുമുഖങ്ങളെ നായകന്‍മാരാക്കിയാണ് ആദ്യ മലയാള ചിത്രം ഒരുക്കുന്നതും. തെന്നിന്ത്യന്‍ സിനിമയിലെ പുതുമുഖ വില്ലനായ തമിഴ് നടന്‍ അജിത്ത് രാജും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു.
ഒരു പ്ളസ് ടു ക്യാമ്പസിന്‍്റെ കഥപറയുന്ന ചിത്രമാണ് ക്ളോസ് ഫ്രണ്ട്സ്. കൗമാരത്തിന്‍്റെ സൗഹൃദങ്ങളും പഴയതലമുറയും പുതിയ തലമുറയും തമ്മിലുള്ള ആശയവൈരുദ്ധ്യങ്ങളുമെല്ലാം സിനിമയില്‍ ചര്‍ച്ചയാവുന്നു. പരിപൂര്‍ണമായ ജീവിത സ്വാതന്ത്ര്യത്തിന് വേണ്ടി വെമ്പല്‍ കൊള്ളുന്ന പുതിയ തലമുറയും അവരുടെ കഴിവും നന്‍മയും സൗഹൃദവുമൊന്നും തിരിച്ചറിയാതെ എല്ലാത്തിനേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥയുമെല്ലാം സൂക്ഷ്മമായി വിവരിക്കുന്നതാണ് കാലിക പ്രാധാന്യമുള്ള സിനിമയുടെ പശ്ചാത്തലം.
നവാഗതരെ ഉപയോഗിച്ച് പരീക്ഷണ ചിത്രങ്ങള്‍ ചെയ്ത് ബോക്സോഫീസ് വിജയം നേടിയ ചരിത്രമാണ് തമിഴില്‍ കസ്തൂരി രാജായ്ക്കുള്ളത്. തമിഴില്‍ അദ്ദേഹം സംവിധാനം ചെയ്ത പതിനാലു ചിത്രങ്ങളില്‍ പത്തും സൂപ്പര്‍ഹിറ്റുകളായിരുന്നു. മലയാളത്തിലും അങ്ങനെ തന്നെ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍്റെ ആരാധകരും. എന്‍ രാജാവിന്‍ മനസിലെ, ആത്താ ഉന്‍ കോയിലിലെ, നാട്ടുപുറപ്പാട്ട്, വീരതാരാട്ട്, എട്ടുപട്ടിരാശ, ധനുഷ് അഭിനയിച്ച ആദ്യചിത്രമായ തുള്ളുവതോ ഇളമൈ എന്നിങ്ങനെ തമിഴ് സിനിമയിലെ ട്രെന്‍ഡ് സെറ്ററായ കസ്തൂരി രാജ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അസുരകുലം എന്ന സിനിമയുടെ നിര്‍മ്മാണത്തിരക്കിലാണ്. മകനും സംവിധായകനുമായ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍, തിരുവിളയാടല്‍ ആരംഭം, യാരടീ നീ മോഹിനീ, ധനുഷ് പാടിയ കൊലവെറി എന്ന പാട്ടിലൂടെ ലോകപ്രശസ്തി നേടിയ 3 എന്നീ ചിത്രങ്ങളും കസ്തൂരിരാജ തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരു മാസമായി പുതിയ സിനിമയിലെ നായക കഥാപാത്രങ്ങളെ കണ്ടത്തെുന്നതിന് വേണ്ടിയുള്ള ഓഡീഷന്‍്റെ ഭാഗമായി കസ്തൂരി രാജാ കേരളത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം എന്നീ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള ഷെബി ബഷീര്‍, മിത്രന്‍ ബാബു എന്നിവരെയാണ് പ്രധാന വേഷം ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഷെബി ബഷീര്‍ ചങ്ങനാശ്ശേരി സെന്‍്റ് ജോസഫ് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷനിലെ രണ്ടാംവര്‍ഷ ബി.എ ആനിമേഷന്‍ ആന്‍്റ് ഗ്രാഫിക്സ് വിദ്യാര്‍ത്ഥിയും, മിത്രന്‍ ബാബു ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുമാണ്.
ഗജകേസരിയോഗം, മിമിക്സ്പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, കുടുംബസമേതം എന്നിങ്ങനെ 25 ഓളം സൂപ്പര്‍ഹിറ്റ് മലയാളചിത്രങ്ങളുടെ നിര്‍മ്മാതാവായ സിമ്പിള്‍ ബഷീര്‍, സിമ്പിള്‍ പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സില്‍വര്‍ ജൂബിലി ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട് ക്ളോസ് ഫ്രണ്ട്സിന്.
ക്ളോസ് ഫ്രണ്ട്സിന്‍്റെ പൂജ ജനുവരി 11 ന് എറണാകുളം സരോവരം ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വ്വഹിച്ചു. എറണാകുളം, ചാലക്കുടി, മാവേലിക്കര, കൊടൈക്കനാല്‍, പോണ്ടിച്ചേരി എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും. വടിവേലു, രാജ് കിരണ്‍, മീന, ധനുഷ് എന്നിങ്ങനെ നിരവധി പുതുമുഖങ്ങലെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തി സൂപ്പര്‍ വിജയം കൊയ്ത കസ്തൂരി രാജ തന്‍്റെ കന്നി മലയാള സിനിമയിലും പുതുമുഖങ്ങളെ അണിനിരത്തി വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഷെബി ബഷീര്‍, മിത്രന്‍ ബാബു, അജിത്ത് രാജ് എന്നിവര്‍ക്കു പുറമെ ജര്‍മ്മന്‍ ജോപ്പന്‍, ഇടവേള ബാബു, അശോകന്‍, മണിയന്‍പിള്ള രാജു, സലീംകുമാര്‍, ടോണി, നാദിര്‍ഷാ, അതിനാട് ശശി, പീറ്റര്‍ ചേലക്കര, ശ്രേയ, കൊളപ്പുള്ളി ലീല, പൊന്നമ്മബാബു, സീനത്ത്, ശാന്തകുമാരി, മങ്കാമഹേഷ് എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.


Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

ചിദംബര സ്മരണ

കവിതയുടെ വേറിട്ട ശബ്ദം