കവിതയിലെ നിത്യയൌവനം

ക്ഷുഭിത യൌവനത്തില്‍ നിന്ന് ബുദ്ധമതത്തിന്‍െറ ശാന്തത യിലേക്കു ള്ള  ദൂരം  ചുള്ളിക്കാട് എഴുതി തീര്‍ത്തത് ഒരു ജന്മം കൊണ്ടായിരുന്നു. ജൂലൈ 30 ന് 56ാം വയസ്സിലേയ്ക്ക് കടക്കുമ്പോഴും യൌവനം ഒട്ടും ചോരാതെ അഗ്നി സ്ഫുരിക്കുന്ന കവിതകളിലൂടെ സ്മരണകളിലൂടെ മലയാള സാഹിത്യത്തില്‍ ചേക്കേറിക്കൊണ്ട് അഭിനേതാവായി ചലച്ചിത്രത്തിലും സീരിയലുകളിലും അഭിനയിച്ചു കൊണ്ട്. ഭൂതകാലത്തെക്കുറിച്ച് പാഴ്സ്മരണകളില്ലാതെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ലാതെ ഒരു ജന്മം ജീവിക്കുകയാണ്. കാറ്റത്തു ദിശയറിയാതെ പറക്കുന്ന പട്ടം പോലെ.

ചോരതിളക്കുന്ന യൌവനത്തില്‍ നക്സല്‍ പ്രസ്ഥാനത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി. അവര്‍ക്കായി കവിതകള്‍ ചൊല്ലി പട്ടിണിയേയും പരിവട്ടത്തെയും സഹയാത്രികരാക്കി. കഞ്ചാവിന്‍െറ ഉന്മാദവും മദ്യത്തിന്‍െറ ലഹരിയും, സിഗരറ്റിന്‍െറ പുകച്ചുരുകള്‍ കണ്ടാനന്ദിച്ച് ലക്ഷ്യബോധമില്ലാതെ ജീവിച്ചു. പക്ഷെ വാക്കുകള്‍ക്ക് ദിശാബോധമുണ്ടായിരുന്നു എന്നും. അക്ഷരങ്ങള്‍ ആ തൂലികയില്‍ നിന്നും ഒഴുകുകയാണ് എന്നോ ഏതോ സാഗരത്തില്‍ ചെന്നുപതിക്കാനുള്ള ഒഴുക്കുവെള്ളത്തിന്‍െറ വേഗതയോടെ. കാത്തിരിപ്പ് മലയാളത്തെ പഠിപ്പിച്ച കവിയാണ് ചുള്ളിക്കാട്. അന്‍പത്തിയാറു വയസിസിനിടയില്‍ അദ്ദേഹമെഴുതിയത് 120 താഴെ കവിതകള്‍ മാത്രമാണ്.

കവിതകള്‍ എഴുതുന്നതില്‍ ദീര്‍ഘകാലം ഇടവേളയെടുത്തിട്ടും അനുവാചകര്‍ മറന്നില്ല ചുള്ളിക്കാടെന്ന കവിയെ. വാക്കുകളുടെ തീക്ഷണത വരികളിലെ ആര്‍ദ്രത വായനക്കാരെ പിടിച്ചിരുത്തുന്ന എന്തോ ഒരു മാന്ത്രികത ഓരോ കവിതയിലുമുണ്ട്. വേറിട്ട ശബദം കൊണ്ട് കവിത ചൊല്ലി കേള്‍ക്കുമ്പോള്‍ കാവ്യാസ്വാദനം അതിന്‍െറ പൂര്‍ണ്ണതയിലെത്തും. ഈ വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ട്. ഹൃദയത്തിലേക്കാഴ്ന്നിറങ്ങി ഓര്‍മ്മയുടെ മുറിവുകളെ കുത്തിയുണര്‍ത്തുന്ന മൂര്‍ച്ച.

ആദ്യ പ്രണയം ഒരു മധുര നൊമ്പരമാണ്. ആ നഷ്ടബോധത്തില്‍ നിന്നും പിറവിയെടുത്ത ഒരു പിടിക്കവിതകള്‍ കൊണ്ടാണ് മലയാളത്തിന് പ്രണയകവിതകള്‍ കൊണ്ട് ചുള്ളിക്കാട് വസന്തകാലം തീര്‍ത്തത്. ആവര്‍ത്തിച്ചു കേള്‍ക്കാന്‍ തോന്നുന്ന വരികള്‍. എഴുത്തിലെ വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണ ശൈലികൊണ്ടുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്‍േറതായ ഒരിരിപ്പിടം മലയാളസാഹിത്യത്തില്‍ സൃഷ്ടിച്ചെടുത്തത്.

ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരുവാക്കിനക്കരെയിക്കരെ
കടവുതോണി കിട്ടാതെ നില്‍ക്കുന്നവര്‍

ബന്ധങ്ങളിലെ നിസ്സാരതയെ വരച്ചു കാട്ടാന്‍ ഇതിലും നല്ല വരികളെ എവിടുന്നു കടമെടുക്കും? പ്രണയം മാത്രമല്ല വിഷയം. ശിഥിലമാകുന്ന ബന്ധങ്ങളെക്കുറിച്ചുള്ള വ്യാകുലത. എല്ലാം നിറയ്ക്കുന്നു കവിതകളില്‍ കാവ്യരചനയുടെ ഈറ്റു നോവ് ഏറെ അനുഭവിച്ചത് ഗസല്‍ എന്ന കവിത രചിച്ചപ്പോഴാണ് എന്ന് കവി പറയുന്നുണ്ട്. കാവ്യത്തില്‍ മാത്രമല്ല ചിദംബരസ്മരണ എന്ന അനുഭവക്കുറിപ്പില്‍ വായിച്ചറിയാം ചുള്ളിക്കാട് എന്ന പച്ച മനുഷ്യനെ.

ദൂരമേറെത്താണ്ടുമ്പോഴും. പിശകിപ്പഴകിയ അക്കങ്ങള്‍ക്കിടയില്‍ ശരികള്‍ തിരയുമ്പോള്‍, എഴുതിത്തീര്‍ന്ന കവിതകള്‍ നോക്കി നെടുവീര്‍പ്പെടുമ്പോള്‍ ഒക്കെ ഒരു നിസ്സംഗഭാവവുമായി ഇരിക്കുമ്പോഴും.കവയത്രിയും ഭാര്യയുമായ വിജയലക്ഷ്മിയോട് കലഹങ്ങളില്ലാതെ. മകന്‍ അപ്പു പഠിപ്പ് കഴിഞ്ഞു തിരികെയെത്തുന്നതും കാത്തിരിക്കെ. മനുഷ്യ ജീവിതത്തിന്‍െറ മുഴുവന്‍ അന്തസത്തയും ആവാഹിച്ച വരികള്‍ ഓര്‍ക്കാറുണ്ടാവുമോ അദ്ദേഹം?

അറിഞ്ഞതില്‍പ്പാതി പറയാതെ പോയ്
പറഞ്ഞതില്‍ പാതി പതിരായ് പോയ്
ഒരു പാതി ഹൃത്തിനാല്‍ പൊറുക്കുമെങ്കില്‍
മറുപാതി ഹൃത്തിനാല്‍ വെറുത്തുകൊള്‍ക
ഇതെന്‍െറ രക്തമാണിതെന്‍റെ മാംസമാണെടുത്തു കൊള്‍ക

കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ. ജൂലൈ 31 ഓടെ ഔദ്യോഗിക തിരക്കുകളില്‍ നിന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആ തൂലികയില്‍ നിന്ന് കൂടുതല്‍ കരുത്തോടെ വാക്കുകളൊഴുകുന്നതും കാത്തിരിക്കുകയാണ് ഓരോ മലയാളിയും.

 അഞ്ജലിലാല്‍ 

Comments

Popular posts from this blog

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം