എന്റെ ജീവിതം ദുരൂഹമായ ഒന്നല്ല- ഷാഹിന

* ലേഖിക തന്നെ സ്വയം വാര്‍ത്തയായിരിക്കുകയാണ്?
ചില വാര്‍ത്തകള്‍ അങ്ങനെയാണ്. ആ വാര്‍ത്തകള്‍ പുറത്തുവരാന്‍ ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വയം വാര്‍ത്തയാകേണ്ടി വരും. അതൊരു നല്ല കാര്യമാണ് എന്ന അഭിപ്രായം എനിക്കില്ല. ഒരു തരത്തില്‍ അതൊരു ദുരന്തമാണ്. ചെയ്ത സ്‌റ്റോറികളുടെ പേരില്‍ അറിയപ്പെടാനാണ് മാധ്യമപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അല്ലാതെ, മറ്റെന്തെങ്കിലും ഒരു പ്രശ്‌നത്തിന്റെ പേരിലല്ല. എനിക്കെതിരെ കേസ് എടുക്കുന്നതോടെ വിഷയം ഞാനായി മാറുന്നു. ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ച പ്രശ്‌നം ശ്രദ്ധയില്‍നിന്ന് പോകുന്നു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ സ്‌റ്റോറി മാത്രമല്ല ഞാന്‍ ചെയ്തിട്ടുള്ളത്. അതിനെക്കാള്‍ ശ്രദ്ധിക്കപ്പെടേണ്ട സ്‌റ്റോറികള്‍ വേറെയും ചെയ്തിട്ടുണ്ട്. പക്ഷേ, ഒടുവില്‍ എല്ലാം ഇതില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. എന്തൊക്കെയായാലും ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വയം വാര്‍ത്തയാകേണ്ടിവരും. അത് നമുക്ക് ഒഴിവാക്കാന്‍ കഴിയില്ല.
* മഅ്ദനി കേസില്‍ എത്തിപ്പെടുന്നത് ?
ഏതൊരു ജേര്‍ണലിസ്റ്റിനും താല്‍പര്യം തോന്നാവുന്ന കേസാണ് മഅ്ദനിയുടേത്. ഈ കേസില്‍ ധാരാളം ലൂപ് ഹോള്‍സ് നേരത്തേതന്നെ ഉണ്ടായിരുന്നു. കൊച്ചിയിലെ വീട്ടില്‍വെച്ച് മഅ്ദനി തടിയന്റവിട നസീറിനെ കണ്ടു എന്നതിനുള്ള സാക്ഷിയായി പൊലീസ് പറയുന്ന വീടിന്റെ ഉടമസ്ഥന്‍ താന്‍ അങ്ങനെ ഒരു മൊഴി നല്‍കിയിട്ടേയില്ല എന്ന് പറഞ്ഞ് കോടതിയില്‍ പോയിട്ടുണ്ട്. മറ്റൊരു സാക്ഷിയായ  മഅ്ദനിയുടെ സഹോദരനും തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഒരു സാക്ഷിമൊഴിയും കൊടുത്തിട്ടില്ലെന്നും പറഞ്ഞ് ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. മരിച്ചുപോയ മജീദ് എന്ന സാക്ഷി, അയാളുടെ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്ന ദിവസം കൊച്ചിയിലെ ആശുപത്രിയില്‍ മരണാസന്നനായി കിടക്കുകയാണ്. ഇതൊന്നും എന്റെ കണ്ടുപിടിത്തങ്ങളല്ല. ഇത്രയും ലൂപ് ഹോള്‍സ് ഉണ്ടെന്നതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ ഇത് അന്വേഷിക്കണമെന്ന് എനിക്ക് തോന്നി. ചാര്‍ജ് ഷീറ്റിന്റെ കുറെ ഭാഗങ്ങളും സംഘടിപ്പിച്ചു വായിച്ചിരുന്നു. അതിലും കുറെയേറെ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയിരുന്നു. അങ്ങനെയാണ് കുടക് യാത്ര പ്ലാന്‍ ചെയ്യുന്നത്.
*കുടകില്‍ ഷാഹിനക്ക് എന്താണ് സംഭവിച്ചത്?
 കാസര്‍കോട് നിന്നാണ് യാത്ര പുറപ്പെട്ടത്. മഅ്ദനി കേസില്‍ പ്രധാനമായും മൂന്ന് സാക്ഷികളാണ്  ഉള്ളത്. പ്രഭാകറും യോഗാനന്ദയും റഫീഖും. യോഗാനന്ദയും പ്രഭാകറും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. മൂവരെയും കാണുക എന്നതുതന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ, പ്രഭാകറിനെ കാണാന്‍ പറ്റിയില്ല. യോഗാനന്ദയുടെ അടുത്തേക്കാണ് ആദ്യം പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചാണ് കണ്ടത്. കുടക് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നും മറ്റും ചോദിച്ചു. തടിയന്റവിട നസീറിനെ കണ്ടിട്ടുണ്ടെന്നും അവിടെ ഇഞ്ചികൃഷി നടത്തിയിരുന്നുവെന്നും യോഗാനന്ദ പറഞ്ഞു. മഅ്ദനിയെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. ടി.വിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. മഅ്ദനിയെ ആദ്യമായി നേരില്‍കണ്ടത് അവിടെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ആണ്. മഅ്ദനിയെ ഇവിടെവെച്ച് കണ്ടു എന്നുപറയുന്ന സാക്ഷിയാണല്ലോ നിങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍  മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചതാണെന്നും നസീറിനെ കണ്ടിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു പ്രതികരണം. പൊലീസ് രേഖകളില്‍ മഅ്ദനിയുടെ കേസിലെ സാക്ഷി ആണല്ലോ എന്ന് വീണ്ടും ചോദിച്ചു. അല്ല, നസീറിന്റെ കേസിലെ സാക്ഷി മാത്രമാണ് താന്‍ എന്നായിരുന്നു യോഗാനന്ദയുടെ മറുപടി. ഞാന്‍ മനസ്സിലാക്കുന്നത്,  മഅ്ദനിയുടെ കേസിലെ സാക്ഷിയാണ് താന്‍ എന്ന കാര്യം യോഗാനന്ദക്ക് അറിയുകപോലുമില്ല എന്നാണ്. പൊലീസ് ചിലപ്പോള്‍ അയാളോട് അക്കാര്യം പറഞ്ഞിട്ടുണ്ടാകില്ല. അങ്ങനെയെങ്കില്‍ ഒരു ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്നോട് ഈ തരത്തില്‍ തുറന്നുപറയാന്‍ തയാറാകുമായിരുന്നില്ല. സത്യസന്ധമായിതന്നെയാണ് യോഗാനന്ദ അങ്ങനെ പറഞ്ഞത് എന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അവിടെനിന്ന് ഞങ്ങള്‍ ജങ്ഷനിലേക്ക് വന്ന് നാട്ടുകാരോടൊക്കെ സംസാരിച്ചു. പ്രത്യക്ഷത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് എന്ന് തോന്നിക്കുന്ന സ്ഥലമായിരുന്നു അത്. അവരൊക്കെ വളരെ സ്വാഭാവികമായിതന്നെയാണ് പെരുമാറിയത്. പിന്നീട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയനെ കണ്ടു. മഅ്ദനി വന്നിട്ടുണ്ടോ എന്ന കാര്യം അദ്ദേഹത്തിനും അറിയില്ല. കണ്ടിട്ടില്ല, പക്ഷേ, ഒരു കാലില്ലാത്ത തൊപ്പിവെച്ച ആള്‍ വന്നിരുന്നു എന്നൊരു അഭ്യൂഹമുണ്ട് എന്നാണ് വൈസ് പ്രസിഡന്റും പറഞ്ഞത്. അവിടെനിന്ന് സംസാരിച്ച് മടങ്ങുമ്പോള്‍ പൊലീസ് വന്നു.  അപ്പോഴേക്കും അവിടെ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. പൊലീസിനൊപ്പം വന്നതാണോ എന്നറിയില്ല, ആള്‍ക്കൂട്ടത്തില്‍ യോഗാനന്ദയും ഉണ്ടായിരുന്നു.
ഭീഷണിപ്പെടുത്തുന്ന ഭാഷയിലാണ് പൊലീസ് ആദ്യം സംസാരിച്ചത്. ഇങ്ങനെയൊന്നും ഇവിടെ പറ്റില്ല, ആള്‍ക്കാരോടൊന്നും സംസാരിക്കാന്‍ പറ്റില്ല എന്ന രീതിയില്‍. എന്റെ ജോലിയാണ് ചെയ്യുന്നത് എന്ന് ഞാന്‍ പറഞ്ഞു. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നെതന്ന് വിശദീകരിച്ചു. എന്റെ ഐഡന്റിറ്റി കാര്‍ഡൊക്കെ അവര്‍ വാങ്ങി നോക്കി. ഫോട്ടോ എടുത്തു. എന്നിട്ട് സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സ്‌റ്റേഷനിലേക്ക് വരുന്നതില്‍ ബുദ്ധിമുട്ടില്ല, പക്ഷേ, എന്തിന് വരണം എന്ന് എനിക്ക് ബോധ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. എന്നാലേ  വരൂ എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ആ ആവശ്യത്തില്‍നിന്ന് അവര്‍ പിന്മാറി.
ഞാന്‍ മലയാളത്തിലാണ് സംസാരിച്ചിരുന്നത്. അവിടെ എല്ലാവര്‍ക്കും മലയാളം അറിയാം. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. സംസാരിക്കുന്നത് എന്തെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകരുത് എന്നതാണ് ലക്ഷ്യം. നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ വിരോധമില്ല, പക്ഷേ, നിങ്ങള്‍ക്ക് മലയാളം മനസ്സിലാകുന്നുണ്ടല്ലോ എന്ന് തിരിച്ചു ചോദിച്ചു. നാട്ടുകാരോട് ഒന്നും ഒളിച്ചുവെക്കാനില്ല എന്നും വിശദീകരിച്ചു. പിന്നെ അധികം തടസ്സമൊന്നും അവര്‍ പറഞ്ഞില്ല. അവിടെനിന്ന് പോകാനും അനുവദിച്ചു. പക്ഷേ, കുറെ ദൂരം ഞങ്ങളെ പിന്തുടര്‍ന്നു.
അവിടെനിന്നാണ് റഫീഖിനെ കാണാന്‍പോയത്. ലക്കേരി എസ്‌റ്റേറ്റില്‍ കുറച്ചുകാലം തൊഴിലാളിയായിരുന്നു റഫീഖ്. 2009ല്‍ എസ്.ഐ.ടി അയാളെ അറസ്റ്റു ചെയ്തു. തടിയന്റവിടെ നസീറിന്റെ കൂട്ടാളിയെന്നാരോപിച്ച് 15 ദിവസം കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. മൃഗീയ പീഡനങ്ങള്‍ക്ക് താന്‍ ഇരയായതായി റഫീഖ് പറയുന്നു. പലതവണ ഇലക്ട്രിക് ഷോക് കൊടുത്തു. പിന്നെ കേസെടുക്കാതെ വിട്ടയച്ചിരുന്നു. മഅ്ദനിക്കെതിരെ മൊഴികൊടുക്കണമെന്നും  സമ്മതിച്ചില്ലെങ്കില്‍ തീവ്രവാദ കേസുകളില്‍പെടുത്തി നസീറിനൊപ്പം എന്നെന്നേക്കുമായി ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തി. മറ്റു വഴികളില്ലാതിരുന്നതിനാലാണ് മഅ്ദനിക്കെതിരായ സാക്ഷിപ്രസ്താവനയില്‍ ഒപ്പിട്ടതെന്ന് റഫീഖ് പറഞ്ഞു. ''അന്ന് മുതല്‍ കുറ്റബോധത്താല്‍ ഞാന്‍ ഉരുകുകയാണ്,നിരപരാധിയായ ഒരു മനുഷ്യന്‍ ഞാന്‍ കാരണം ജയിലിലാകുമല്ലോ എന്നോര്‍ത്ത്'' -റഫീഖ് തുടര്‍ന്നു.
റഫീഖിനെ കണ്ട് അവിടെനിന്ന് രാത്രി മടങ്ങുമ്പോള്‍ പൊലീസ് വീണ്ടും വിളിച്ചു. നിങ്ങളൊരു ഭീകരവാദി ആണ് എന്നാണ് ഞങ്ങളുടെ സംശയം എന്നുപറഞ്ഞു. നിങ്ങള്‍ എങ്ങനെയാണ് ഭീകരവാദികളെ തിരിച്ചറിയുന്നത് എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. ''ഭീകരവാദി ആണോ അല്ലയോ എന്ന് ഫോണില്‍ വിളിച്ചുചോദിക്കുകയാണോ പതിവ്. ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണ് മറുപടി പറയുക.''
നിങ്ങളുടെ ഐഡന്റിറ്റി കണ്‍ഫേം ചെയ്യാന്‍ ബോസിന്റെ നമ്പര്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയുടെ നമ്പര്‍ കൊടുത്തു. അവര്‍ ഷോമയെ വിളിച്ചുകാണണം. ഷോമ പിന്നീട് എന്നെ വിളിച്ച് ഇത്തരത്തില്‍ അന്വേഷണം വന്നതായി പറഞ്ഞു.
അന്ന് അവിടെനിന്ന് മടങ്ങി. അടുത്ത ദിവസം ബക്രീദ് ആയിരുന്നു. അന്ന് ഞാന്‍ ഫോണ്‍ ഒന്നും അറ്റന്‍ഡ് ചെയ്തിരുന്നില്ല. അതിനടുത്ത ദിവസം നോക്കുമ്പോള്‍ ഹോസ്‌തോട്ട സി.ഐയുടെ കുറെ മിസ്ഡ് കോള്‍സ് എന്റെ മൊബൈലില്‍ കണ്ടു. തിരിച്ചു വിളിച്ചു. നിങ്ങള്‍ തീവ്രവാദിയാണ് എന്ന നിലയിലാണ് ഇവിടത്തെ പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നത് എന്ന് സി.ഐ പറഞ്ഞു. ആ പത്രവാര്‍ത്തകളൊക്കെ കര്‍ണാടകയിലെ സുഹൃത്തുക്കള്‍ നേരത്തേ അറിയിച്ചിരുന്നു. അപസര്‍പ്പകകഥകളാണ് മൊത്തം. കുറെ മുസ്‌ലിംകള്‍ അവിടെ വന്ന് എന്തൊക്കെയോ ചെയ്തിട്ടുപോയി എന്ന തരത്തില്‍. ഈ സാക്ഷികള്‍ക്കൊപ്പം അവിടത്തെ എം.എല്‍.എയെയും കാണാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു. എം.എല്‍.എ പ്രദേശത്തെ ഒരു പ്രധാനപ്പെട്ട ആളാണല്ലോ. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് അതിന്‍േറതായ വിലയുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചത്. അതിനായി അദ്ദേഹത്തിന്റെ വീട് എവിടെയാണെന്നൊക്കെ അന്വേഷിച്ചിരുന്നു. അദ്ദേഹം സ്ഥലത്തില്ല എന്നറിഞ്ഞതിനാല്‍ പിന്നെ അങ്ങോട്ട് പോയില്ല. പക്ഷേ, കന്നട പത്രങ്ങളില്‍ വന്നത് എം.എല്‍.എയെ പിന്തുടരാന്‍ ശ്രമിച്ചു എന്ന രീതിയിലൊക്കെയാണ്.
നിങ്ങള്‍ തീവ്രവാദിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിനാല്‍ അത് സംബന്ധിച്ച് തനിക്ക് റിപ്പോര്‍ട്ട് കൊടുക്കേണ്ടതുണ്ട് എന്നാണ് ഹോസ്‌തോട്ട സി.ഐ പറയുന്നത്. നിങ്ങള്‍ തീവ്രവാദി അല്ല എന്നെനിക്കറിയാം. പക്ഷേ, അതുകൊണ്ട് കാര്യമില്ല. വാര്‍ത്ത വന്നതിനാല്‍ വിശദീകരണം കൊടുത്തേ പറ്റൂ എന്ന് സി.ഐ. ഇങ്ങനെയല്ല ഞങ്ങളുടെ നാട്ടില്‍ കാര്യങ്ങള്‍ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ''ഒരാള്‍ തീവ്രവാദിയാണെന്ന് ഒരുപത്രം പറഞ്ഞാല്‍ അതു തെളിയിക്കേണ്ട ഉത്തരവാദിത്തം ആ പത്രത്തിന് തന്നെയാണ്. അല്ലെങ്കില്‍, എഴുതിയ റിപ്പോര്‍ട്ടറുടേതാണ്. നിങ്ങള്‍ ആദ്യം എഴുതിയ ആളുകളെ വിളിച്ചുചോദിക്കുക. എന്നെ കുറിച്ച് നിങ്ങള്‍ക്ക് അന്വേഷിക്കാന്‍ ഒരു പ്രയാസവുമില്ല. ഇന്റര്‍നെറ്റില്‍ എന്റെ പേര് സെര്‍ച്ച് ചെയ്താല്‍ ഞാന്‍ ചെയ്ത സ്‌റ്റോറികള്‍ മൊത്തം കിട്ടും. മഅ്ദനിയുടെ സ്‌റ്റോറി മാത്രമല്ല ഞാന്‍ ചെയ്തിട്ടുള്ളത്.'' ഇത്രയും പറഞ്ഞപ്പോള്‍ ശരി എന്ന് പറഞ്ഞ് സി.ഐ ഫോണ്‍ വെച്ചു. അതിനുശേഷം ആരും വിളിച്ചിട്ടില്ല. പിന്നെ, പത്രങ്ങളില്‍നിന്നാണ് എനിക്കെതിരെ കേസ് എടുത്തു എന്ന് അറിയുന്നത്. ആ വാര്‍ത്ത കന്നട പത്രങ്ങളിലാണ് ആദ്യം വന്നത്.  അടുത്ത ദിവസം രണ്ടു മലയാള പത്രങ്ങളും ഇന്ത്യന്‍ എക്‌സ്‌പ്രസും കൊടുത്തു. വളരെ ബാലന്‍സ്ഡ് ആയ വാര്‍ത്തയാണ് എക്‌സ്‌പ്രസില്‍ വന്നത്. എക്‌സ്‌പ്രസിന്റെ ലേഖകന്‍ കേസിനെ കുറിച്ച് കര്‍ണാടക പൊലീസില്‍ അന്വേഷിച്ച് ഉറപ്പു വരുത്തി. അങ്ങനെയാണ് എനിക്കും ഉറപ്പ് കിട്ടുന്നത്. അല്ലാതെ ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും കിട്ടിയിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിന് വിട്ടു എന്ന് ഇപ്പോള്‍ കേള്‍ക്കുന്നു.
പൊലീസ് പറയുന്ന പലതും വ്യാജമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് കൊടുത്തവരാണ് കര്‍ണാടക പൊലീസ്. കള്ളക്കഥകള്‍ ചമക്കാന്‍ പൊലീസ് ഏതുവരെ പോകും എന്നും എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്.
* പൊലീസ് മാത്രമേ ഒരു കാര്യം അന്വേഷിക്കാവൂ എന്ന ഒരു സന്ദേശമാണോ ഈ സംഭവം നല്‍കു
ന്നത്?
എന്നാണ് എനിക്ക് മനസ്സിലാകുന്നത്. കേസന്വേഷണം പൊലീസിന്റെ ജോലിതന്നെയാണ്. അത് മാധ്യമങ്ങളുടെ ജോലി അല്ല. അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ, പൊലീസ് പറയുന്ന കഥകളില്‍ മിസിങ് ലിങ്കുകള്‍ ഉണ്ടാകുമ്പോഴാണ് അന്വേഷണം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുന്നത്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുത്തൂറ്റ് പോള്‍ വധക്കേസ്തന്നെ നോക്കുക. പൊലീസിനെ മാധ്യമങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നില്ലേ? 'എസ്' കത്തി പോലത്തെ പൊലീസിന്റെ കള്ളക്കഥകള്‍ മാധ്യമങ്ങളാണല്ലോ തുറന്നുകാട്ടിയത്. അന്നൊന്നും ഉണ്ടാകാത്ത പ്രശ്‌നങ്ങള്‍ ഈ കേസില്‍ ഉണ്ടാകുന്നത് പ്രത്യേകതരം പക്ഷപാതത്തിന്റെ ലക്ഷണമായി തന്നെയാണ് ഞാന്‍ കാണുന്നത്.

*ഷാഹിനയുടെ കേസിലും മാധ്യമങ്ങള്‍ പക്ഷപാതപരമായി പെരുമാറി എന്നു തോന്നുന്നുണ്ടോ?
അങ്ങനെ ഒരു പരാതി എനിക്കില്ല. പക്ഷേ, ആദ്യ ദിവസങ്ങളില്‍ രണ്ടു മലയാള പത്രങ്ങളിലാണ് ഈ വാര്‍ത്ത വന്നതെന്ന് പറഞ്ഞുവല്ലോ. ആ വാര്‍ത്തകള്‍ വളരെ മോശമായിരുന്നു. കന്നട പത്രങ്ങളില്‍ വന്നത് ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. എന്നെ വിളിച്ച് ഒന്നു ക്രോസ് ചെക് ചെയ്യാനുള്ള പ്രാഥമികമായ മര്യാദപോലും കാണിച്ചില്ല. പിന്നീട് അവര്‍തന്നെ അത് തിരുത്തി. ഒരു വാര്‍ത്ത കൊടുത്തിട്ട് തിരുത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് അവര്‍ക്കുതന്നെ മോശമാണ്. മറ്റു പത്രങ്ങളൊന്നും അപ്പോള്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നില്ല. ഇപ്പോള്‍, മാധ്യമ സ്വാതന്ത്ര്യത്തിന്റെ  പ്രശ്‌നംതന്നെയാണ് എന്ന തരത്തില്‍ എല്ലാവരും മുന്നോട്ട് വന്നിട്ടുണ്ട്. പത്ര പ്രവര്‍ത്തക യൂനിയനും സഹായിക്കുന്നുണ്ട്.

* ന്യൂദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഭീകരസംഘടനയുടേത് എന്ന തരത്തില്‍ വന്ന ഒരു ഇമെയിലില്‍ ഷാഹിനയുടെ  ലേഖനത്തിന്റെ ഭാഗം ഉദ്ധരിച്ച ഒരു പ്രശ്‌നം ഉണ്ടായിരുന്നല്ലോ?
 ന്യൂദല്‍ഹിയിലായിരിക്കുമ്പോഴാണ് ഞാന്‍ ആ ലേഖനം എഴുതിയത്. അന്ന് ഒരു റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോലിചെയ്യുകയായിരുന്നു. കാണ്‍പൂര്‍, മാലേഗാവ് സ്‌ഫോടനങ്ങളില്‍ ഹിന്ദുസംഘടനകളുടെ പങ്ക് പുറത്ത് വന്നപ്പോള്‍ മീഡിയ അതിന് വലിയ പ്രാധാന്യം കൊടുക്കാത്തതിനെ സംബന്ധിച്ചായിരുന്നു ലേഖനം. ഒറീസയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ നടന്ന ആക്രമണങ്ങളും ഈ തരത്തില്‍ ഒതുക്കപ്പെട്ടിരുന്നു.  ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ തമസ്‌കരിച്ചതിനെ കുറിച്ചുള്ള വിശകലനമായിരുന്നു അത്. ഹൂട്ട് എന്ന മാധ്യമ വിമര്‍ശ പോര്‍ട്ടലിലാണ് അത് പ്രസിദ്ധീകരിച്ചത്. അത് പിന്നീട് പല സൈറ്റുകളിലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.
ദല്‍ഹി സ്‌ഫോടനത്തിന്റെ അടുത്ത ദിവസം ഞാന്‍ പത്രം വായിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ വിവിധ വാര്‍ത്തകള്‍ പത്രങ്ങളില്‍ വിശദമായി വന്നിരുന്നു. അതില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പേരില്‍ വന്നുവെന്ന് പറയപ്പെടുന്ന ഒരു ഇ-മെയിലിനെ കുറിച്ചും ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ ആ വാര്‍ത്ത വായിക്കുമ്പോള്‍ ഈ വരികള്‍ എനിക്കറിയാമല്ലോ എന്ന് തോന്നുകയാണ്. കുറച്ചു കഴിഞ്ഞ് ഞാന്‍ തിരിച്ചറിഞ്ഞു, അത് ഞാന്‍ എഴുതിയതാണ്. അത് എനിക്കുണ്ടാക്കിയ ഷോക് വിവരണാതീതമായിരുന്നു. നമ്മള്‍ എഴുതിയ ഒരു ലേഖനം ഈ തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ ഭീകരമാണ്. ഒരു ഐറ്റം പബ്ലിഷ് ചെയ്യുന്നതോടെ നമ്മുടെ കൈയില്‍നിന്ന് പോകുകയാണ്. ആര്‍ക്കും എങ്ങനെ വേണമെങ്കിലും അത് ഉപയോഗിക്കാം. എന്നെപ്പോലെ വ്യക്തമായ സെക്കുലര്‍ പശ്ചാത്തലമുള്ള, ഒരു ക്രിമിനല്‍ റെക്കോഡുമില്ലാത്ത ഒരു ജേണലിസ്റ്റിന്റെ ഒരു ലേഖനം ഈ തരത്തില്‍ ദുരുപയോഗം ചെയ്തിട്ട് അത് അന്വേഷിക്കാനോ അതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനോ കഴിഞ്ഞില്ല എന്നത് നമ്മുടെ അന്വേഷണ ഏജന്‍സികളുടെ വീഴ്ചയാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയുടെ പ്രശ്‌നം കൂടി ഇതിലുണ്ട്.
ഞാന്‍ അവര്‍ക്കുവേണ്ടി ലേഖനം എഴുതി എന്ന് വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങള്‍ പുരോഗമിച്ചത്. അത്തരം വ്യാഖ്യാനങ്ങള്‍ പേടിച്ചിട്ട് നമുക്ക് പറയാനുള്ളത് പറയാതിരിക്കാന്‍ ആവില്ലല്ലോ. ജന്മഭൂമി  പത്രം ഈ ദിവസങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്നത് ഞാന്‍ ലശ്കറിനുവേണ്ടി ലേഖനം എഴുതി എന്ന മട്ടിലാണ്.  അതൊക്കെ അവഗണിക്കപ്പെടേണ്ടതാണ്. പക്ഷേ, നമ്മുടെ അന്വേഷണ സംവിധാനങ്ങളുടെ അടിസ്ഥാനപരമായ ഒരു പ്രശ്‌നമാണിത്.
*അതുമായി ബന്ധപ്പെട്ട് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്?
മഹാരാഷ്ട്ര  എ.ടി.എസ് എന്റെ വിശദാംശങ്ങളൊക്കെ ശേഖരിച്ചിരുന്നു. ഹൂട്ടിന്റെ എഡിറ്റര്‍ സെവന്തി നൈനാനെ വിളിച്ച് അന്വേഷിച്ചിരുന്നു. ഈ തരത്തിലൊരു അനുഭവം ആദ്യത്തേത് ആയതുകൊണ്ട് വലിയ ഒരു പേടി എനിക്കുണ്ടായി. എ.ടി.എസ് എന്നൊക്കെ നമ്മള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. അവര്‍ അന്വേഷിക്കുന്നു എന്ന് കേട്ടപ്പോള്‍ വല്ലാതെ ഭയന്നുപോയി. പക്ഷേ, പിന്നീട് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. അവരുടെ അന്വേഷണത്തില്‍ വസ്തുത ബോധ്യമായിട്ടുണ്ടാകും.

* സ്വന്തം പേര് ഷാഹിനക്ക് എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്?
 നേരത്തേ പറഞ്ഞ പ്രശ്‌നവും ഈ പേരുകൊണ്ട് വന്നതാകും. ആ തരത്തില്‍ ലേഖനം എഴുതുന്നത് ഞാന്‍  മാത്രമല്ല. അതിനു മുമ്പും പലരും ഈ വിഷയത്തില്‍ ഒരുപാട് എഴുതിയിട്ടുണ്ട്. മാധ്യമങ്ങളുടെ ന്യൂനപക്ഷ വിവേചനം എന്റെ മാത്രം വിഷയമല്ല. പക്ഷേ, ഷാഹിന എന്ന പേരുകാരി അത്തരമൊന്ന് എഴുതുകയും ആരെങ്കിലും അത് ദുരുപയോഗിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കുവേണ്ടി എഴുതിയതാണെന്ന് ആരോപിക്കുന്നിടത്താണ് പ്രശ്‌നം. അത് ഈ പേരിന്റെ പ്രശ്‌നം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പേരുകൊണ്ട് പ്രശ്‌നമുള്ളത് എനിക്കല്ല, സമൂഹത്തിനാണ്. സമൂഹത്തിന്റെ മുന്‍ധാരണകളാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം എന്റെ ഉമ്മ വിളിച്ച് വേദനയോടെ സംസാരിച്ചിരുന്നു. വൈക്കം  മുഹമ്മദ് ബഷീറിനോടുള്ള കടുത്ത ആരാധനകൊണ്ടാണ് എനിക്ക് ഷാഹിന എന്ന് പേരിട്ടത്. അത് ഇത്രയും വലിയ ഒരു പ്രശ്‌നം ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ഉമ്മ പറഞ്ഞത്.

*ന്യൂദല്‍ഹി സ്‌ഫോടന പ്രശ്‌നത്തില്‍ വല്ലാതെ ഭയന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. സമാനമായ സാഹചര്യമാണ് ഇപ്പോഴും. ഷാഹിനക്ക് ഭയമുണ്ടോ?
അന്നത്തേതിനെക്കാളും  ഗുരുതരമായ പ്രശ്‌നമാണ് ഇപ്പോള്‍. പക്ഷേ, എനിക്ക് ഭയമില്ല. അന്ന് അത് എന്റെ ആദ്യ അനുഭവമായിരുന്നു. നമ്മള്‍ എഴുതിയത് ദുരുപയോഗിച്ചതാണെന്ന് എങ്ങനെ തെളിയിക്കും എന്ന ആശങ്ക അന്നുണ്ടായിരുന്നു. പ്രത്യേകിച്ച്, ദല്‍ഹിപോലൊരു മഹാനഗരത്തില്‍. നമ്മളെ ആര്‍ക്കും അറിയില്ല. ഭയത്തേക്കാളേറെ കടുത്ത മാനസികാഘാതവും ആ സംഭവം ഉണ്ടാക്കിയിരുന്നു. എനിക്കുതന്നെ നിര്‍വചിക്കാനാകാത്ത വല്ലാത്ത വികാരമായിരുന്നു അത്. സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ഞാന്‍ ദല്‍ഹിയില്‍ കണ്ടിരുന്നു. എ.കെ.ജി ഭവനില്‍ ഒരാവശ്യത്തിനുവേണ്ടി പോയപ്പോള്‍ വൃന്ദ കാരാട്ടിനെ സന്ദര്‍ശിക്കാന്‍ വന്നുനില്‍ക്കുന്ന അവരെ കണ്ടു. സ്ത്രീകളടക്കമുള്ള ആ സംഘം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവിടേക്ക് വന്നത്. മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ അവര്‍ക്ക് കൈക്കൂലിപോലും കൊടുക്കേണ്ടിവന്നിരുന്നു. സ്‌ഫോടനത്തിന്റെ മൂന്നാം ദിവസമാണ് ഇത്. അവരെ കണ്ടപ്പോള്‍ എനിക്ക് കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി. ഏതെങ്കിലും തരത്തില്‍ ഞാന്‍ ഇതില്‍ ഭാഗഭാക്കാണോ എന്ന തോന്നല്‍ എന്നെ മഥിച്ചു. സങ്കടവും ഭയവും മനസ്സിലാക്കാനാകാത്ത എന്തൊക്കെയോ വികാരങ്ങളും എന്നെ വേട്ടയാടാന്‍ തുടങ്ങി.
ഇപ്പോഴുള്ളത് തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ്. ഇവിടെ ഞാന്‍ ചെയ്തത് എന്റെ ജോലിയാണ്. അതിനോടുള്ള പൊലീസിന്റെ സമീപനം എന്നോടുള്ളത് മാത്രമല്ല,മൊത്തം മീഡിയയെ പേടിപ്പിച്ച് നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, ഇതിലെനിക്ക്  ഭയമില്ല. ഒരുപാട് കാലമൊന്നും ഒരു സത്യം മൂടിവെക്കാന്‍ കഴിയില്ല. എന്നെങ്കിലും സത്യം പുറത്തുവരുകതന്നെ ചെയ്യും. ഞാന്‍ ചെയ്ത വര്‍ക്കിനെ കുറിച്ച് എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. ആരൊക്കെ ഈ പ്രശ്‌നത്തില്‍ എനിക്കൊപ്പം നില്‍ക്കുമെന്ന ആശങ്ക അതുകൊണ്ടുതന്നെ ഇല്ല. പിന്നെ, മനുഷ്യാവകാശങ്ങളിലും പൗരാവകാശങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഇതിനൊപ്പം നില്‍ക്കാതിരിക്കാനാവില്ല. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന സാഹചര്യമാണ് ഇത്.
*കേസിനെ എങ്ങനെ നേരിടാനാണ് തീരുമാനം?
നിയമപരമായിത്തന്നെ നേരിടും. അഭിഭാഷകരുമായൊക്കെ ബന്ധപ്പെടുന്നുണ്ട്. എന്റെ നിരപരാധിത്വം ബോധ്യപ്പെടാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും എന്നെത്തേടി കേരളത്തിലേക്ക് വരേണ്ടി വരില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എന്റെ പശ്ചാത്തലവും ഞാന്‍ ചെയ്ത വര്‍ക്കുകളും പരിശോധിച്ചാല്‍തന്നെ അവര്‍ക്ക് അത് മനസ്സിലാകും. മലയാളികള്‍ക്കൊക്കെ എന്നെ അറിയാം. ടെലിവിഷനിലൂടെ പരിചിതയാണ് ഞാന്‍. എന്റെ ജീവിതം ദുരൂഹമായ ഒന്നല്ല.
എത്തിക്കലായി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്. എസ്.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 13ാം വയസ്സില്‍ മതത്തിന്റെ ചട്ടക്കൂടില്‍നിന്ന് പുറത്തുചാടി. മതം എന്ന സംഭവം എന്നെ സ്‌പര്‍ശിച്ചിട്ടേയില്ല. എന്റെ ഉപ്പ വിശ്വാസി ആയിരുന്നു. പക്ഷേ, ആ വിശ്വാസം എന്നില്‍ അടിച്ചേല്‍പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇപ്പോഴും ഞാന്‍ വിശ്വാസിയല്ല. എന്നിട്ടും ആ മതം എന്നെ ഇപ്പോഴും പിന്തുടരുകയാണ്. എന്റെ വിശ്വാസങ്ങളില്‍ ഒരിടത്തും ഞാന്‍ കോംപ്രമൈസ് ചെയ്തിട്ടുമില്ല. ആ എന്നെ കുറിച്ചാണ് മുസ്‌ലിമായതിനാല്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സഹായിക്കുന്നു എന്നോ തീവ്രവാദി ആണെന്നോ ഒക്കെ പറയുന്നത്.
മഅ്ദനി എന്ന വ്യക്തിയോട് എനിക്ക് ഒരു യോജിപ്പുമില്ല. പി.ഡി.പി എന്ന പാര്‍ട്ടിയോട് ഒരു ബഹുമാനവും ഇല്ല. പക്ഷേ, എന്റെ പ്രശ്‌നം അതല്ല. കള്ളത്തെളിവുകളുടെയും കള്ളസാക്ഷികളുടെയും അടിസ്ഥാനത്തില്‍ ജാമ്യംപോലും നിഷേധിക്കപ്പെട്ട് ഒരാള്‍ ജയിലില്‍ കിടക്കുന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. അത് മഅ്ദനിയായിക്കൊള്ളട്ടെ വേറെ ആരുമായിക്കൊള്ളട്ടെ. നാളെ പ്രവീണ്‍ തൊഗാഡിയ ആണ് കള്ളക്കേസില്‍ കുടുക്കപ്പെട്ട് ഈ തരത്തില്‍ ജയിലിലാകുന്നതെങ്കില്‍ എനിക്ക് ബോധ്യപ്പെടുന്ന തെളിവുകള്‍ കിട്ടിയാല്‍ ഞാന്‍ അയാള്‍ക്കുവേണ്ടിയും പറയും.
* ഇനി ഒരു സ്‌റ്റോറി ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സൂക്ഷ്മമായൊരു തിരഞ്ഞെടുപ്പ് നടത്താന്‍ ഈ സംഭവം പ്രേരിപ്പിക്കുമോ?
ഈ പറയുന്നതുതന്നെ ആയിരിക്കും പൊലീസിന്റെയും ലക്ഷ്യം. അപകടം വരാന്‍ സാധ്യതയുള്ള സ്‌റ്റോറികള്‍ ഒഴിവാക്കുക എന്ന് ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ തീരുമാനിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടാകും. ഈ സ്‌റ്റോറിയുടെ തിരഞ്ഞെടുപ്പിലോ അതില്‍ ഞാന്‍ പറഞ്ഞ വസ്തുതകളിലോ ഒരു പ്രശ്‌നവും ഇല്ല.  ഈ സ്‌റ്റോറിയില്‍ ഖേദിക്കുന്നു എന്ന് തെഹല്‍കക്ക് മാറ്റിപ്പറയേണ്ട സാഹചര്യം ഇല്ലാത്തിടത്തോളംകാലം ചെയ്ത സ്‌റ്റോറിയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.

കെ.കെ. ഷാഹിന / മുഹമ്മദ് സുഹൈബ്

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം