വാര്‍ത്തകളിലെ കുഴിബോംബുകള്‍
ഫുട്ബോള്‍ താരം മെസിയും ഉസാമ ബിന്‍ ലാദനും ഒരു പേജിന്‍െറ ഇരുപുറങ്ങളില്‍ വരുമ്പോഴുണ്ടാകുന്നത് ‘മുസ്ലിം തീവ്രവാദ’ത്തേക്കാള്‍ വലിയ ഭീകരതയാണ്. ‘പ്രധാന വാര്‍ത്തകള്‍ വീണ്ടും’ എന്ന ഹൃസ്വചിത്രം കണ്ടപ്പോള്‍ അഫ്സല്‍ ഗുരുവിന്‍റ വധശിക്ഷയെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചതാണ് ഓര്‍മവന്നത്. തെറ്റുകാരനല്ളെങ്കിലും അയാളൊരു മുസ്ലിം ആയതിനാല്‍ വലിയ വിഷമമില്ല, രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പേരറിവാളനെ തൂക്കികൊന്നാല്‍ അങ്ങിനെയല്ല എന്നായിരുന്നു പ്രതികരണം. ആരെയും ഭീതിപ്പെടുത്തുന്ന വിധത്തില്‍ വളര്‍ന്നിരിക്കുന്നു മാധ്യമ ഭീകരത.
ചെറുകഥകളില്‍ മനോഹരമായ ‘ട്വിസ്റ്റു’കള്‍ പ്രയോഗിച്ച ആളാണ് ഇംഗ്ളീഷ് സാഹിത്യകാരന്‍ ഒ. ഹെന്‍റി. അദ്ദേഹത്തിന്‍െറ കഥകളിലെന്നപോലെ സുന്ദരമായ ഒരു ട്വിസ്റ്റാണ് മുക്കുവരും ആത്മ സുഹൃത്തുക്കളായ ഉസ്മാന്‍, ഷാജി എന്നിവരുടെ ജീവിതത്തിലും അപ്രതീക്ഷിതമായി സംഭവിച്ചത്. മെസിയുടെ കടുത്ത ആരാധകനാണ് ഉസ്മാന്‍. ഇക്കാര്യം സുഹൃത്ത് ഷാജിക്കുമറിയാം. ഷാജിയുടെ കൈയ്യിലുള്ള മാസികയില്‍ നിന്നുതന്നെ ആരാധനാപൂര്‍വം കൈക്കലാക്കിയ മെസിയുടെ ചിത്രമാണ് ഉസ്മാനെ ഇരയും ഷാജിയെ കൊലപാതകിയുമാക്കുന്നത്. വാര്‍ത്തകളിലൂടെ ഇസ്ലാം ഭീകരതയെ കുറിച്ച് കേട്ട ഷാജിക്ക് തോന്നുകയാണ് തന്‍െറ സുഹൃത്തും അത്തരത്തിലൊരാളാണെന്ന്. അതിന് കാരണമായി അവന് കിട്ടിയ ഏക സൂചനയായിരുന്നു മെസിയുടെ ചിത്രം. ഇവിടെയാണ് സുന്ദരമായ ആ വഴിത്തിരിവുള്ളത്. മെസിയുടെ ചിത്രത്തിന്‍െറ പിന്‍വശത്ത് ഉണ്ടായിരുന്നത് ഉസാമ ബിന്‍ലാദനായിരുന്നു. മാധ്യമങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെട്ട ഷാജി ആദ്യം കാണുന്നത് ലാദന്‍െറ ചിത്രമായിപ്പോയി. അതൊരാളുടെ ജീവന്‍തന്നെ കവരുന്നു.

മല്‍സ്യ ബന്ധനത്തിനായി ആഴക്കടലില്‍ എത്തിയവരാണ് അവര്‍. ജോലിക്കിടെ ഷാജി സന്തത സഹജാരിയായ റേഡിയോയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നത്. ഇതിനിടെ ഉസ്മാന്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിലെ യുവാക്കള്‍ ഇസ്ലാം ഭീകരര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഇന്‍റലിജന്‍സിന്‍െറ വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കിയ വിവരം റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജിയോടൊപ്പം പ്രേക്ഷകര്‍ക്കും നേരത്തേ തന്നെ ഉസ്മാന്‍െറ പെരുമാറ്റത്തില്‍ എന്തോ പന്തികേടുള്ളതായി തോന്നിന്നുണ്ട്. ഉസ്മാനിലെ നീഗൂഡതയും വാര്‍ത്തയും ചേര്‍ന്ന് ഷാജിയിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. മനസില്ലാ മനസോടെയാണെങ്കിലും ഉറങ്ങി കിടക്കുന്ന ഉസ്മാന്‍െറ സഞ്ചി പരിശോധിച്ചപ്പോള്‍ ചോറുപത്രത്തോടൊപ്പം ഒരു ഡയറിയും കിട്ടുന്നു. പരിശോധനക്കിടയിലാണ് ബിന്‍ലാദന്‍െറ ആ ചിത്രം ലഭിക്കുന്നത്. തന്‍െറ സുഹൃത്തും ഭീകരവാദിയായെന്ന ‘തോന്നല്‍’ ഷാജിയുടെ‘ഉള്‍’ക്കടലിലെ ആകാശത്ത് ഇരുണ്ട് കൂടുന്ന മേഘച്ചുരുളുകളാണ്. ലാദന്‍െറ ആ ചിത്രവും റേഡിയോ വാര്‍ത്തയും അവന്‍െറ ഉള്ളില്‍ കടല്‍ക്ഷോഭമാണ്. ഉസ്മാനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കടലിലെറിഞ്ഞു. വിഷമത്തോടെ സ്വയം നഷ്ടപെട്ടവനായി ഉള്‍ഭയത്തോടെ വീണ്ടും ആ ഡയറിയും ലാദന്‍െറ ചിത്രവും പരിശോധിക്കുകയാണ് ഷാജി. സാവധാനം, കൗതുകത്തിനെന്നപോലെ ചിത്രത്തിന്‍െറ മറുവശം നോക്കുമ്പോഴാണ് തനിക്ക് പറ്റിയ വലിയ പിഴ ഷാജി തിരിച്ചറിയുന്നത്. വാര്‍ത്തകളിലെ തെറ്റ് തിരുത്തുന്ന ലാഘവത്തോടെ ആ പിഴ അവന് മായ്ച്ചുകളായനോ മറച്ച് വെക്കാനോ സാധിക്കുമായിരുന്നില്ല. ഉസ്മാന്‍െറ ഇഷ്ടതാരമായ മെസിയുടെ ചിത്രമായിരുന്നു ലാദന്‍െറ പിറകിലെന്ന് പ്രേക്ഷകരും തിരിച്ചറിയുമ്പോള്‍ മറ്റൊരു ‘ബ്രേക്കിങ് ന്യൂസ്’ പിറക്കുകയാണ്.
സാമ്രാജ്യത്വ രാജ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന ഓരോ മാധ്യമവും ആളുകളെ എത്രമാത്രം ‘മൃഗീയ’ മായി സ്വാധീനിക്കുന്നു എന്ന ചൂടുള്ള വര്‍ത്ത, അതാണ് ‘പ്രധാന വാര്‍ത്തകള്‍ വീണ്ടും’ എന്ന ചിത്രം.
റമീസ്, അഫ്നാസ് എന്നിവരുടെ തിരക്കഥയില്‍ റമീസും അഷ്ക്കറും ചേര്‍ന്ന് സംവിധാനം ചെയ്ത . ചിത്രത്തിന്‍െറ ഛായാഗ്രഹണവും എഡിറ്റിങും അഷ്കറാണ്. ‘സക്കീന്‍’ ഓണ്‍ലൈന്‍ ചാനലാണ് ചിത്രം പുറത്തിറക്കിയത്. നവമാധ്യമ കാലത്ത് മാധ്യമ വിദ്യാര്‍ഥികളും വായനക്കാരന്‍/ കാഴ്ചക്കാരന്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ഒരു മുന്നറിയപ്പാണ് ചിത്രത്തിന്‍െറ സന്ദേശം. പരാധീനതകള്‍ ഏറെയുണ്ടെങ്കിലും ഇരയെയും വേട്ടക്കാരനെയും ഒരേസമയം ഇരകളാക്കുന്നതാണ് മാധ്യമ ഭീകരത എന്ന പുതിയ സാമൂഹ്യ ചിന്താവിഷയവും മുന്നോട്ട് വെക്കുന്നുണ്ട് ഈ കൊച്ചു സിനിമ. മാധ്യമ ഭീകരത വളര്‍ത്തുന്ന മാധ്യമങ്ങളെ ബഹിഷ്കരിച്ച് പുതിയൊരു നവോഥാനത്തിന് തിരികൊളുത്താനും ചിത്രം ഉദ്ഘോഷിക്കുന്നു.

Comments
Post a Comment