ഓര്‍മ്മപ്പുഴയിലെ ഓളങ്ങള്‍
![]() |
| bent pipe palam iruvazhinji puzh |
മുതിര്‍ന്നവരുടെ ഇടയില്‍ കൊച്ചു പയ്യായി പതുങ്ങിയിരിക്കുന്നതിന്‍്റെ ആളലുണ്ട്; അകത്ത് നെഞ്ചിന്‍ കൂട്ടില്‍. പുത്തനുടുപ്പും പുസ്തകകെട്ടും നല്‍കുന്ന പരിമളമോര്‍ക്കുമ്പോള്‍ ആ ഭീതി മാഞ്ഞുപോകുന്നു. തുലാമഴയിലെ ഇളവെയില്‍ പോലെ.
രവിക്ക് ഒരു കുടയുണ്ടായിരുന്നു. മടക്കിക്കുടയുടെ അകശീലയില്‍ വെള്ള അക്ഷരത്തില്‍ അവന്‍്റെ പേര്; ഉള്ളില്‍ മായാതെ.... കിടന്നു.
ഏഴിലെ പോലല്ല എട്ടില്‍, കാത് പൊന്നാക്കുന്ന കണക്കിന്‍്റെ വാര്യര് മാഷ്; ഇംഗ്ലീഷിന്‍്റെ മാത്യൂ സാറ്... സ്കൂള്‍ തുറക്കലിന്‍്റെ തലേന്നും അയലത്തെ ചേച്ചി പേടിപ്പിച്ചിരുന്നു; ട്യൂഷന് പോയപ്പോള്‍.
മധ്യവേനലവധിക്ക് രവിയുടെ കൂടെ കശുമാങ്ങ പെറുക്കാനെന്ന നാട്യത്തില്‍ അയലത്തെ കുന്നിന്‍ പുറത്ത് പോയി അണ്ടി കട്ടതിനാണ് ആദ്യമായി അമ്മയുടെ അടി കിട്ടിയത്. അന്ന് പക്ഷെ അവന്‍്റെ കണ്ണ് നിറഞ്ഞത് എന്തിനായിരുന്നു; അടി കിട്ടിയത് അവനല്ലല്ളോ.........?
കോരിച്ചൊരിയുന്ന മഴയായിരുന്നു, മെയ്മാസത്തിന്‍്റെ അവസാന രാത്രിയില്‍. അന്ന് രാവിലെ കൂട്ടുകാരോടൊത്ത് പുഴയില്‍ മുങ്ങാംകുഴിയിട്ടപ്പോഴൊക്കെ രവിയായിരുന്നു വിജയി. അവന്‍ എത്രനേരം വേണമെങ്കിലും ശ്വാസം പിടിച്ച് വെള്ളത്തില്‍ മുങ്ങിക്കിടക്കും. കൂട്ടുകാരില്‍ പലരും അവനെ അസൂസയയോടെയോ ശത്രുതയോടെയോ കണ്ടു.
സ്കൂള്‍ തുറക്കലിന്‍്റെ ആവേശത്താല്‍ അന്നത്തെ ഉറക്കം മഴ കട്ടെടുത്തു. എങ്ങിനെയെങ്കിലും നേരം വെളുത്താല്‍ മതിയായിരുന്നു. പുല്‍ചാടികളോട് കിന്നാരം പറഞ്ഞ് നടവരമ്പ് കടക്കാനുള്ള ഊറ്റം മനസ്സില്‍ കൊടുമ്പിരി കൊണ്ടു.
പതിവിന് വിപരീതമായി നേരത്തേ എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറുമ്പോള്‍ അമ്മയുടെ ചുണ്ടില്‍ പുഞ്ചിരി മിന്നി മറഞ്ഞിരുന്നു. അപ്പോള്‍ ആ മുഖത്തെ ഭാവം തിരിച്ചറിയാനുള്ള പ്രായമായില്ല എന്ന് കരുതി. പക്ഷെ, ഇന്നും അറിയില്ല ആ ചിരിയുടെ അര്‍ഥം. മൊണാലിസയുടെ ഭാവമായിരുന്നു അതെന്ന് പിന്നീടെപ്പോഴോ തോന്നിയിരുന്നു. എങ്കിലും ഓരോ തവണ ഈ വിചാരം കടന്ന് പോകുമ്പോഴും ഉള്ളിലൊരു ആളലാണ്.... എന്തിനെന്നറിയാത്തൊരു കാളിച്ച.
മഴക്കല്‍പം ശമനമുണ്ടായിരുന്നു.
ഏറെ കാത്തതിന് ശേഷമാണ് രവി വന്നത്. അമ്മ പിറകിലെന്തോ വിളിച്ച് പറയുന്നത് കേള്‍ക്കാതെ ഓടി. രണ്ടാളും കൂടി ഒരു കുടച്ചോട്ടില്‍ ഞെരുങ്ങിനീങ്ങിയത് വെറും കൌതുകത്തിന് വേണ്ടിയായിരുന്നു.
മുണ്ടിത്തോടിനടുത്തത്തെിയപ്പോള്‍ കണ്ടു, രാത്രി മഴയില്‍ പാടം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. തോടും പാടവും ഒന്നായി....
അകലെ ഏതോ മലയില്‍ ഉരുള്‍ പൊട്ടിയതിനെ കുറിച്ച് മുതിര്‍ന്നവര്‍ അതിശയോക്തി കലര്‍ത്തി സംസാരിക്കുന്നു. വെള്ളം കണ്ടപ്പോള്‍ രവിയുടെ ഉള്ള് തുടിക്കുന്നത് അടുത്ത് നിന്നാല്‍ കേള്‍ക്കാമായിരുന്നു. തൊട്ടടുത്തൊരു ഓലപ്പുരയില്‍ പുസ്തകക്കെട്ടും വസ്ത്രവും ഒതുക്കി വച്ച് രവി എന്നെ അവയുടെ കാവലിനേല്‍പ്പിച്ച് വെള്ളത്തിലേക്ക് ചാടി.
മുതിര്‍ന്നവരാരും അവനെ വഴക്ക് പറയില്ല, കാരണം അവരേക്കാള്‍ മികച്ച നീന്തല്‍ക്കാരനായിരുന്നു രവി. വെള്ളത്തിന്‍്റെ കളിക്കൂട്ടുകാരന്‍ എന്നോ.........?
ആ മഴക്കാലത്ത്, മധ്യവേനലവധി കഴിഞ്ഞ് വെള്ളമിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും സ്കൂള്‍ തുറന്നില്ല. എട്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയുടെ വിയോഗം ആ ഗ്രാമത്തെ നടുക്കിയിരുന്നു.
ദുഖാചരണങ്ങള്‍ക്കോടുവില്‍ മറ്റൊരു ചാറ്റല്‍ മഴയത്ത് തനിയെ, വഴുതുന്ന നടവരമ്പിലൂടെ നടക്കുമ്പോള്‍ തനിച്ചായിരുന്നില്ല. ആ പഴയ മടക്കിക്കുട എങ്ങിനെയോ എന്‍്റേതായി കൂടെയുണ്ടായിരുന്നു. മറവിയുടെ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിടാതെ....

Comments
Post a Comment