പുൽപള്ളി: മരണത്തിെൻറ താഴ്വര
![]() |
| പുൽപള്ളി ടൗൺ |
നക്സലിസം വിളഞ്ഞ നാട്
കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വളക്കൂറുള്ള കന്നി മണ്ണ് തേടിയെത്തിയ കർഷകർ കഠിനാധ്വാനം ചെയ്ത് നാണ്യവിളകൾ കൃഷിയിറക്കിയ മണ്ണാണ് പുൽപള്ളിയിലേത്. 1950കളിലാണ് തിരുവിതാംകൂറിൽ നിന്നടക്കം ഇവിടേക്ക് ആളുകൾ എത്തുന്നത്. വന്യമൃഗങ്ങളോടും മലമ്പനിയോടുമടക്കം പോരാടിയാണ് അന്ന് കുടിയേറ്റ കർഷകർ പിടിച്ചുനിന്നത്. അന്നത്തെ പ്രധാന കൃഷി തെരുവപുല്ലും മരച്ചീനിയുമായിരുന്നു. തെരുവപുല്ല് വാറ്റിയെടുക്കുന്ന തൈലത്തിൽനിന്നുള്ള വരുമാനമായിരുന്നു കർഷകർക്ക് ആശ്രയം.
പുൽപള്ളി ദേവസ്വത്തിെൻറ അധീനതയിലായിരുന്നു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ നല്ലൊരു ശതമാനം ഭൂമിയും. ദേവസ്വത്തിെൻറ കൈവശമുണ്ടായിരുന്ന 15,000 ഏക്കർ സ്ഥലത്തായിരുന്നു അന്ന് കർഷകർ കൃഷിയിറക്കിയത്. ഇതിനിടെ ഭൂമിയിൽ കൃഷിയിറക്കുന്നതിനെതിരെ ദേവസ്വം അധികൃതർ രംഗത്തുവന്നു. കർഷകരെ സഹായിക്കാനായി നക്സലുകളും രംഗത്തെത്തി. പിന്നാലെയാണ്1968 നവംബർ 24ന് നക്സലേറ്റുകൾ പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത്.
പഴയകാല നക്സൽ നേതാക്കളായിരുന്ന അജിതയുടെയും വർഗീസിെൻറയും നേതൃത്വത്തിലായിരുന്നു സ്റ്റേഷൻ ആക്രമണം. അക്രമണത്തിനിടെ സ്റ്റേഷൻ ഹവിൽദാർ കുഞ്ഞികൃഷ്ണൻ നായർ കൊല്ലപ്പെട്ടു. ഈ സംഭവത്തോടെയാണ് പുൽപള്ളി ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്നത്. നക്സലൈറ്റ് ആക്രമണത്തിെൻറ 40ാം വാർഷികമാണ് ഈ വർഷം.
അന്ന് മിനി ദുബൈ, കർഷകരുടെ നല്ലകാലം
1975 മുതൽ 1995 വരെയുള്ള രണ്ടു ദശാബ്ദക്കാലം കുരുമുളക്, കാപ്പി, ഇഞ്ചി തുടങ്ങിയ നാണ്യവിളകളും നെല്ല്, കിഴങ്ങ് വർഗങ്ങളും ഈ നാട്ടിൽ നല്ലതുപോലെ വിളഞ്ഞിരുന്നു. അന്നെല്ലാം മികച്ച വരുമാനമായിരുന്നു കർഷകർക്ക് ലഭിച്ചിരുന്നത്. യുവാക്കളടക്കം അക്കാലത്ത് കാർഷിക മേഖലയിൽ സജീവമായിരുന്നു. വിളസമൃദ്ധമായ കുരുമുളക് തോട്ടങ്ങളാൽ സമ്പന്നമായിരുന്ന ഒരുകാലം. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം 3,000 ടൺ വരെ കുരുമുളക് ഉൽപാദനം നടന്നിരുന്നു.
കുരുമുളക് തോട്ടങ്ങളിൽ ജോലി തേടി അയൽനാടുകളിൽനിന്നുപോലും തൊഴിലാളികൾ ഇവിടേക്ക് ഒഴുകിയെത്തി. ഓരോ വീട്ടിലും പത്തും മുപ്പതും തൊഴിലാളികൾ. പുറമെ, നിന്നെത്തിയ തൊഴിലാളികൾക്കുവേണ്ടി ആഴ്ചചന്തകളും പ്രത്യേക സിനിമ പ്രദർശനങ്ങളും വരെ നടന്നു. മികച്ച വിളവും ഉയർന്ന വിലയും കർഷകരെ സമ്പന്നരാക്കി. 2000ത്തിന് മുമ്പുവരെ പൊന്നായിരുന്നു ഇവിടത്തുകാർക്ക് കുരുമുളക്.
അന്ന് മിനി ദുബൈ എന്ന പേരിലാണ് പുൽപള്ളി അറിയപ്പെട്ടിരുന്നത്. നിരവധി ബാങ്കുകൾ പുൽപള്ളിയിൽ സ്ഥാപിതമായി. കർഷകർക്ക് വായ്പകൾ വാരിക്കോരിക്കൊടുത്തു. ആ പ്രതാപ കാലമെല്ലാം ഇന്ന് അപ്രത്യക്ഷമായി. എന്നാൽ, 2000 മുതൽ സ്ഥിതിഗതികൾ തകിടം മറിഞ്ഞു. കാലാവസ്ഥ വ്യതിയാനവും മണ്ണിെൻറ ഘടനയിലുണ്ടായ മാറ്റവും വിളകൾക്കുണ്ടായ രോഗബാധകളും കർഷകരെ പ്രതികൂലമായി ബാധിച്ചു. കുരുമുളക് അടക്കമുള്ള വിളകൾക്ക് ഉണ്ടായ വിലയിടിവും കർഷകർക്ക് കൂനിന്മേൽ കുരുവായി.
പ്രതാപം ഇന്ന് ഓർമയിൽ മാത്രം
2003-2006 കാലയളവിലാണ് കടുത്ത വരൾച്ച മേഖലയെ പിടികൂടിയത്. ഇതോടെ കർഷകരുടെ സ്വപ്നങ്ങളും തകർന്നടിഞ്ഞു. കുരുമുളക് തോട്ടങ്ങളെല്ലാം കരിഞ്ഞുണങ്ങി. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിയിറക്കിയവരെല്ലാം കടക്കെണിയിലായി. കാർഷിക, വ്യക്തിഗത വായ്പകൾ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ പലരും ഇഞ്ചി കൃഷിയിലും മറ്റും ഭാഗ്യം പരീക്ഷിക്കാൻ കർണാടകയിലേക്കടക്കം കുടിയേറി.
ഇവിടെ പിടിച്ചുനിൽക്കാൻ പറ്റാതായതോടെ കർഷകരുടെ കൂട്ട ആത്മഹത്യകളായിരുന്നു. 2000 മുതൽ 2008 വരെയുള്ള കാലയളവിൽ നൂറോളം കർഷകരാണ് കടബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തത്. പലതവണ കൃഷി പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷിയല്ലാതെ മറ്റ് മാർഗങ്ങൾ കണ്ടെത്താൻ കഴിയാതെ വന്ന വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും ഈ രംഗത്തുതന്നെ പിടിച്ചുനിൽക്കുകയാണ്.
ഇതിനിടെ അത്യുൽപാദന ശേഷിയുള്ള വള്ളികളുടെ വരവും മികച്ച വിലയും കർഷകർക്ക് വീണ്ടും പ്രതീക്ഷ നൽകി. ഇതോടെ കർഷകർ വീണ്ടും കുരുമുളക് കൃഷിയിൽ സജീവമായി. എന്നാൽ, ആ പ്രതീക്ഷകൾക്ക് ആയുസ്സ് കുറവായിരുന്നു. രോഗബാധയാണ് കുരുമുളക് കർഷകരെ ഇപ്പോൾ അലട്ടുന്നത്. കാലംതെറ്റിയെത്തിയ പേമാരിയും ഇവർക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രം. വിളകളുടെ വിലയിടിവും ബാങ്കുകളുടെ ജപ്തി ഭീഷണിയും കർഷകരെ വീണ്ടും ആത്്മഹത്യയിലേക്ക് നയിക്കുകയാണ്.
ജീവനൊടുക്കിയത് മൂന്നു കർഷകർ
കാലാവസ്ഥ വ്യതിയാനവും കീടബാധയും സാമ്പത്തിക പ്രതിസന്ധിയുംമൂലം കുടിയേറ്റ മേഖലയിൽ ഒന്നര മാസത്തിനിടെ ജീവനൊടുക്കിയത് മൂന്നു കർഷകരാണ്. കാപ്പിസെറ്റ് കൊളപ്പള്ളി അജിത്ത് കുമാർ, അമരക്കുനി വട്ടമല രാഘവൻ, കുറിച്ചിരപ്പറ്റ മാനിക്കാട് രാമദാസ് എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് മൂവരും ആത്്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. ജീവനൊടുക്കിയ രാമദാസിന് 20 സെേൻറാളം സ്ഥലമാണ് ആകെയുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി.
കൃഷിയിൽനിന്നുള്ള വരുമാനം നിലച്ചതോടെയാണ് ഈ കർഷകൻ വിഷം കഴിച്ച് ആത്്മഹത്യ ചെയ്തത്. അമരക്കുനി സ്വദേശി അജിത്ത് കുമാറും ചെറുകിട കർഷകനായിരുന്നു. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനെടുത്ത പണം തിരിച്ചടക്കാൻ കഴിയാത്തതിലുള്ള മനോ വിഷമവും ബാങ്കുകളിലെ കടബാധ്യതയുമെല്ലാമാണ് ഈ കർഷകനെയും ആത്്മഹത്യയിലേക്ക് തള്ളിവിട്ടത്. വട്ടമല രാഘവൻ കവുങ്ങ് തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്ന ആളായിരുന്നു.
പലരിൽനിന്നു കടം വാങ്ങിയാണ് തൊഴിലാളികൾക്ക് പണം നൽകിയിരുന്നത്. ഈ പണം മടക്കികൊടുക്കാൻ പറ്റാതായതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രാഘവനെന്ന് ബന്ധുക്കൾ പറഞ്ഞു. ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ആത്്മഹത്യ ചെയ്ത കർഷകർ നാലുപേരാണ്. ഇതിൽ മൂന്നുപേരും പുൽപള്ളിയിൽനിന്നുള്ള കർഷകരാണ്.
ജപ്തി നോട്ടീസും ഭീഷണിയും
ഒരുകാലത്ത് പുൽപള്ളിക്കാർക്ക് ബാങ്കുകൾ കൃഷി ആവശ്യത്തിനും മറ്റും ലോണുകൾ ധാരാളമായി നൽകിയിരുന്നു. കാർഷിക മേഖലയിൽ പ്രതിസന്ധി വന്നതോടെ ഇതേ ബാങ്കുകൾ ലോൺ നൽകാൻ മടിക്കുകയാണ്. മുമ്പെടുത്ത വായ്പകൾ തിരിച്ചടക്കാൻ പറ്റാതായതോടെ ജപ്തി നടപടികളുമായി ബാങ്കുകൾ വീണ്ടും സജീവമായി.
സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിെൻറ ഗുണം ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നില്ല. കാരണം, കാർഷിക വായ്പകളെടുത്ത കർഷകർക്ക് മാത്രമാണ് ഇതിെൻറ ഗുണം ലഭിക്കുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം വിവിധ ബാങ്കുകളിൽനിന്നും 1500ലേറെ കർഷകരാണ് തിരിച്ചടവ് മുടങ്ങിയതിെൻറ പേരിൽ നിയമ നടപടി നേരിടുന്നത്. ബാങ്കുകളുടെ നിയമ നടപടിയുമായി ബന്ധപ്പെട്ട നോട്ടീസുകൾ ലഭിക്കുമ്പോൾ നിസ്സഹായരായി നിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയുന്നുള്ളൂ.
കർഷകരുടെ പ്രതിസന്ധി മുതലെടുക്കാൻ നാടൻ പലിശ സംഘങ്ങളും തമിഴ് വട്ടിപലിശ സംഘങ്ങളും സജീവമാകുന്നുണ്ട്. വൻ തുകയാണ് ഇവർ പലിശ ഈടാക്കുന്നത്. കാർഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ എല്ലാ വായ്പകൾക്കും മൂന്നുവർഷത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിച്ച് സാവകാശം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
വിള നഷ്ടപരിഹാരം തുച്ഛം
കാർഷിക മേഖലക്ക് ഉണർവ് പകരുന്ന പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും വിള നഷ്ടം സംഭവിച്ച കർഷകരോട് അധികാരികൾക്ക് ചിറ്റമ്മ നയമാണ്. തുച്ഛമായ സഹായം മാത്രമാണ് വർഷങ്ങളായി സർക്കാർ നൽകുന്നത്. വർഷങ്ങളായി ഇത് പലർക്കും ലഭിക്കുന്നുമില്ല. വിവിധ കാരണങ്ങളാൽ കാർഷിക വിളകൾ നശിച്ച കർഷകരെ സഹായിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരമല്ല ലഭിക്കുന്നത്. ഒരു കുരുമുളക് ചെടി നശിച്ചാൽ 75 രൂപയാണ് നഷ്ടം നൽകുന്നത്. നാലാം വർഷം മുതലാണ് ആദായം ലഭിച്ച് തുടങ്ങുന്നത്. ഇത്രയും കാലം പരിപാലന ചെലവിനായി പോലും നല്ലൊരു തുക ചെലവ് വരന്നുണ്ട്. കുരുമുളക് തോട്ടങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഒരു കുരുമുളക് ചെടി നടാൻ 100 രൂപയിലേറെ ചെലവ് വരും.
തോട്ടത്തിൽനിന്ന് ഒരു ആദായവും ലഭിക്കാത്ത അവസ്ഥയാണ് കർഷകർക്ക്. മഞ്ഞളിപ്പും ദ്രുതവാട്ടവുമടക്കമുള്ള രോഗങ്ങളാണ് കുരുമുളക് കൃഷിയുടെ അന്ധകനാകുന്നത്. തനിവിള തോട്ടങ്ങളാണ് പലയിടത്തും നശിക്കുന്നത്. കാപ്പി, ഇഞ്ചി തുടങ്ങിയ വിളകളും വ്യാപകമായി നശിച്ചു. കാപ്പി കൃഷി പകുതിയോളം നശിച്ചിട്ടുണ്ട്. ഇഞ്ചി പാടങ്ങളിലും വെള്ളം കയറി വ്യാപകമായി വിള നശിച്ചു. മൂട് ചീയൽ, ബല്ലക്കേട്, മഹാളി, ഇല കരിച്ചിൽ എന്നീ രോഗങ്ങളാണ് കൂടുതൽ കണ്ടുവരുന്നത്.
ലക്ഷങ്ങൾ കടംവാങ്ങി ഇഞ്ചി കൃഷിയടക്കം ആരംഭിച്ച കർഷകർ പ്രതിസന്ധിയിലാണ്. തോട്ടങ്ങളിൽ പലവിധ കൃഷികൾ നശിച്ചതിനാൽ ഏക്കർ ഒന്നിന് 30,000 രൂപ വീതം പൊതുവായി നഷ്ടം നൽകണമെന്ന നിർദേശം കർഷക വികസന സമിതി ഉന്നയിക്കുന്നുണ്ട്. കൃഷിവകുപ്പ് തയാറാക്കുന്ന പാക്കേജുകളും ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറയുന്നു. കുരുമുളക് സംരക്ഷണത്തിനായി മരുന്ന് തളിക്കലിനും മറ്റും അനുവദിക്കുന്ന ഫണ്ട് വീതം െവക്കുമ്പോൾ ചെറിയ സ്ഥലത്തേക്ക് മാത്രമായി ചുരുങ്ങുന്നു. സഹായം, നഷ്ടപരിഹാരം എന്നിവയിൽ കാലാനുസൃതമായ മാറ്റം വരുത്താൻ അധികൃതർ തയാറാകണം.
കർഷകരെ സഹായിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ കർഷകർക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥവരും. മേൽ മണ്ണിൽനിന്നുള്ള വളമടക്കം ഒഴുകിപ്പോയി. മണ്ണിെൻറ ഘടനക്കും മാറ്റമുണ്ടായി. വാഴ, കവുങ്ങ്, ഏലം, പച്ചക്കറി എന്നിവയെല്ലാം നാശത്തെ നേരിടുന്നു. വിളകൾക്കുണ്ടായ രോഗബാധ തടയാൻ കൃഷിവകുപ്പ് കീടനാശിനിയും വളവുമടക്കം നൽകണമെന്ന് കർഷകർ പറയുന്നു.
വരൾച്ച പ്രതിരോധ പദ്ധതികൾ വേണം
കനത്ത മഴയാണ് കഴിഞ്ഞ മാസങ്ങളിൽ പുൽപള്ളിയിലും ലഭിച്ചത്. വരൾച്ചയുടെ നാടെന്നറിയപ്പെട്ടിരുന്ന പുൽപള്ളിയിലെ കുന്നിൻപ്രദേശങ്ങളിൽ പോലും ഉറവ പൊട്ടിയൊഴുകി. എന്നാൽ, മഴ ഒഴിഞ്ഞതോടെ പുഴകളിലെയും തോടുകളിലെയും വെള്ളത്തിെൻറ നീരൊഴുക്ക് കുറഞ്ഞു. ഒന്നരമാസം മുമ്പ് കരകവിഞ്ഞിരുന്ന കബനിയിൽ പോലും വെള്ളം കുറഞ്ഞു. മേഖലയിൽ പെയ്യുന്ന മഴവെള്ളമപ്പാടെ കബനി നദിയിലേക്കാണ് എത്തുന്നത്.
വരൾച്ചയെ പ്രതിരോധിക്കാൻ 80 കോടി രൂപയുടെ പദ്ധതികളാണ് മുൻ വർഷം ആസൂത്രണം ചെയ്തത്. ഇതിെൻറ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. മഴക്കാലത്ത് നിറഞ്ഞിരുന്ന കിണറുകളിൽപോലും വെള്ളം താഴ്ന്നു. വയലുകളിലും വെള്ളം കുറഞ്ഞു. ഒരു വർഷം ജില്ലയിൽനിന്നു കബനിയിലൂടെ കാവേരിയിലേക്ക് 96 ടി.എം.സി ജലം എത്തുന്നുണ്ട്. ജില്ലയിൽ നിരവധി ജലസേചന പദ്ധതികൾ വർഷങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തിരുന്നു. ഇതിെൻറ ഭാഗമായി പുൽപള്ളിയിലും ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു-കടമാൻതോട് പദ്ധതി. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി നടപ്പാക്കാനായില്ല. വൻകിട പദ്ധതിക്കുപകരം ചെറു പദ്ധതികൾ നടപ്പാക്കി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കാർഷിക മേഖലയെ രക്ഷിക്കാം. ഇതിനായി ഒട്ടേറെ പദ്ധതികൾ രൂപകൽപന ചെയ്തിട്ടുണ്ടെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. ജലസേചന സൗകര്യം ഒരുക്കിയാൽ പുൽപള്ളിയിലെ കാർഷിക മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കാൻ സാധിക്കും.
പ്രതീക്ഷയോടെ ക്ഷീരമേഖല
നാണ്യവിള കൃഷികൾ തകർന്നതോടെ കർഷകർക്ക് തുണയാകുന്നത് ക്ഷീരമേഖലയാണ്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലായി പത്തോളം ക്ഷീരസംഘങ്ങളുണ്ട്. ഇവിടങ്ങളിൽ പാൽ അളക്കുന്ന കർഷകരുടെ എണ്ണവും വർധിച്ചു വരുകയാണ്. ഇൗ പഞ്ചായത്തുകളിൽനിന്നായി പ്രതിദിനം 40,000ഓളം ലിറ്റർ പാലാണ് ഉൽപാദിപ്പിക്കുന്നത്. ക്ഷീര കർഷകർക്ക് ക്ഷീര വികസനവകുപ്പിെൻറയടക്കം സഹായവും ലഭിക്കുന്നുണ്ട്. പച്ചപുൽ കൃഷിയും മറ്റും കർഷകർ സ്വന്തം തോട്ടങ്ങളിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. പുതുതായി ക്ഷീര മേഖലയിലേക്ക് കടന്നുവരുന്ന കർഷകരെ സഹായിക്കാൻ ക്ഷീര സംഘങ്ങളും മറ്റും രംഗത്തുണ്ട്.
വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ
പുൽപള്ളിയോട് ചേർന്ന വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാണ്. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ ചുറ്റുവട്ടങ്ങൾ പൂർണമായും വനമാണ്. ഒരുഭാഗം കർണാടകയുടെ വനപ്രദേശമാണ്. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് വന്യജീവി ശല്യം തുടർക്കഥയാണ്.
പുൽപള്ളി പഞ്ചായത്തിലെ പാക്കം, ചേകാടി, കുറിച്ചിപ്പറ്റ, വേലിയമ്പം, കന്നാരംപുഴ ഭാഗങ്ങളിലും വന്യമൃഗ ശല്യത്തിൽ വലയുകയാണ്. ലക്ഷങ്ങളുടെ കൃഷിനാശമാണ് കാട്ടാനകളും മറ്റും വരുത്തിവെക്കുന്നത്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. വന്യജീവി ശല്യത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നു. എന്നിട്ടും ശാശ്വത പരിഹാരം മാത്രം ഉണ്ടായിട്ടില്ല.
കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന കർഷകരാണ് വന്യജീവി ശല്യത്തിൽ പൊറുതിമുട്ടുന്നത്. കടമെടുത്തും മറ്റും കൃഷിയിറക്കിയവരുടെ കാര്യമാണ് കഷ്ടം. ഒറ്റ രാത്രികൊണ്ടാണ് വിളകൾ ആനയും കാട്ടുപന്നിയുമടക്കം നശിപ്പിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം വർഷങ്ങളായി ഇവർ ആവശ്യപ്പെടുന്നുണ്ട്.
സി.ഡി. ബാബു (മാധ്യമം)

Comments
Post a Comment