ഓണം: കീഴാള വായനയുടെ ‘മാവേലി ചരിതം’

മാവേലി, നാടുവാണ കാലത്തെ കുറിച്ച് അറിയാത്ത മലയാളികളില്ല. മാവേലിയെ പോലൊരു ഭരണാധികാരിക്ക് കീഴില്‍ ജീവിക്കാന്‍ മോഹിപ്പിക്കും വിധത്തില്‍ 12 വരി പാട്ടുമുണ്ട് നഷ്ടപ്പെടാത്ത പൈതൃകസ്വത്തായി. സ്ഥിതി സമത്വത്തിന്‍െറ വലിയൊരു മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്ന ആ വരികളുട കര്‍ത്താവ് ആരെന്നും മൂലകൃതി ഏതെന്നും ആരും അന്വേഷിച്ചിട്ടില്ല. പണ്ഡിതരും പാമരരും ശേrഷ്ഠഭാഷാ പദവിക്കുവേണ്ടി മുറവിളികൂട്ടിയപ്പോഴും മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഓണത്തെയും ഓണപ്പാട്ടിനെയും കുറിച്ച് തേടാന്‍ ആര്‍ക്കും സൗകര്യമുണ്ടായില്ല. നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള ചരിത്ര നിര്‍മിതിയില്‍ മൂടിവെക്കപ്പെട്ട വലിയൊരു കീഴാള പ്രതിനിധ്യത്തിന്‍െറ സാംസ്കാരികവും രാഷ്ട്രീയവുമായ അടയാളപ്പെടുത്തലാണ് മാവേലിപാട്ടെന്ന് സമര്‍ഥിക്കുന്നതാണ് മാവേലി ചരിതമെന്ന കാവ്യം. എല്ലാവരും ഒന്നുപോലെയായ ഇല്ലായ്മകളൊന്നുമില്ലാത്ത നാടിനെ കുറിച്ചുള്ള ആ കാവ്യത്തിന്‍െറ സിംഹഭാഗവും ചരിത്രാധിനിവേഷത്താല്‍ അപഹരിക്കപ്പെട്ടു. മൂന്നടി മണ്ണ് ചോദിച്ചെത്തിയ അവതാരത്തിന്‍െറ കാല്‍ക്കീഴില്‍ അമര്‍ന്ന് പോയതാണോ കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒന്നുപോലെയായ ആ സമത്വസുന്ദരലോകം? ആ അന്വേഷണത്തിന്‍െറ ഫലമാണ് ശങ്കര കവിയുടെ ‘മാവേലി ചരിതം’ എന്ന പ്രാചീന കാവ്യത്തിന്‍െറ കണ്ടെത്തലില്‍ എത്തിയത്. ഓണവും ഓണപ്പാട്ടും കീഴാള വായനക്ക് വിധേയമാക്കേണ്ടതിന്‍െറ സാധ്യത കണ്ടെത്തുന്ന ഒരു പുരാതന കൃതിയുടെ രാഷ്ട്രീയം പരിചയപ്പെടുത്തുകയാണ് ഇവിടെ.
അപരിചിതമായ, എന്നാല്‍ യുക്തിഭദ്രമായ ഇത്തരമൊരു ഓണവും ഓണപ്പാട്ടും ഉണ്ടായിരുന്നെന്ന് ബോധ്യപ്പെടുത്തുന്ന മാവേലി ചരിതം എന്ന കാവ്യത്തെയും കര്‍ത്താവായ ശങ്കര കവിയെയും കണ്ടെത്തി പരിചയപ്പെടുത്തുന്നത് അധ്യാപകനായ വര്‍ക്കല ഗോപാലകൃഷ്ണനാണ്. പ്രഫ. കെ. ആനന്ദക്കുട്ടന്‍ സമാഹരിച്ച് മഹാകവി ഒ.എന്‍.വി കുറുപ്പിന്‍െറ അവതാരികയില്‍ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ കേരള ഭാഷാഗാനങ്ങള്‍ രണ്ടാം ഭാഗത്തിലെ ‘ആരോമല്‍പ്പൈങ്കിളിപ്പെണ്‍കിടാവേ’ ഒന്നും രണ്ടും ഭാഗമാണ് മാവേലി ചരിതത്തിന്‍െറ പുനസംഘാടനത്തിന് അദ്ദേഹം അവലംബിക്കുന്ന ഒരു കൃതി. കേരള സര്‍വകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രബറി 1964ല്‍ പ്രസിദ്ധീകരിച്ച പ്രാചീന കവിതകളുടെ സമാഹാരമായ ‘പാട്ടുകള്‍’ രണ്ടാം പുസ്തകത്തിലെ മഹാബലി ചരിതവും മലയാളമനോരമ ദിനപത്രം കുട്ടികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന കൈത്തിരിയില്‍ 2003 ആഗസ്റ്റ് 23 ലക്കത്തില്‍ അച്ചടിച്ചുവന്ന മാവേലിചരിതം എന്നിവയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ആദ്യകാല കവിതയെ പുനസംഘടിപ്പിച്ചത്.
ശിവ ഭക്തനായ മാവേലി എന്ന ആദര്‍ശ ഭരണാധികാരിയെയും സുന്ദര നാടിനെയും കൈപ്പിടിയിലൊതുക്കി മഹാബലി എന്ന അസുര രാജാവിനെയും വാമനന്‍ എന്ന അവതാരത്തെയും കുറിച്ചുള്ള പാഠഭേദ നിര്‍മ്മിതിയിലൂടെ മലയാളിയുടെ മറ്റൊരു സാംസ്കാരിക മുദ്രകൂടി കട്ടെടുക്കുകയായിരുന്നു. ദ്രാവിഡ സങ്കല്‍പ്പമായ ഓണത്തെയും ഓണപ്പാട്ടിനെയും രാജാവിനെയും ആര്യവത്ക്കരിച്ചതോടെ ആ സുന്ദരകാലത്തെ കുറിച്ചുള്ള ഓര്‍മപോലും മലയാളികളില്‍ നിന്ന് അന്യവത്കരിക്കപ്പെട്ടു. മാവേലിയും മഹാബലിയും ഒന്നല്ലെന്നും മഹാബലി പുരാണേതിസഹാസങ്ങളിലെ ഒരു കഥാപാത്രവും മാവേലി തൃക്കാക്കരയിലെ ശൈവരാജാവാണെന്നും തെളിയിക്കുന്നതാണ് യഥാര്‍ഥ മാവേലി ചരിതം.
മലയാളിയായ എല്ലാവര്‍ക്കുമറിയാവുന്ന ഓണപ്പാട്ടാണ് ‘മാവേലിനാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ’എന്നത്. 300ലധികം വരികളുള്ള ശുദ്ധമലയാളത്തില്‍ രചിച്ച ഒരു കാവ്യത്തില്‍ നിന്ന് ‘അവശേഷിച്ച’ത് വെറും 12 വരി. ഓണപ്പാട്ട് എന്ന പേരില്‍ വലുപ്പ ചെറുപ്പമില്ലാതെ മലയാളികളുടെ നാവില്‍ തത്തിക്കളിക്കുന്ന വരികള്‍. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൃക്കാക്കരയില്‍ വാണ രാജാവിന്‍െറ മഹത്വവും അന്നത്തെ ജനജീവിതവുമെല്ലാം പ്രദിപാദിക്കുന്ന മൂലകൃതി മാത്രം വിസ്മരിക്കപ്പെട്ടു. യഥാര്‍ഥ പാഠത്തില്‍ ഓണത്തെ കുറിച്ചും മാവേലിയെന്ന രാജാവിന്‍െറ മഹത്വവും പാടുന്നുണ്ട്. വൈഷ്ണവ ഭഗവാന്‍െറ ലീലകളെ നിഷിധമായി വിമര്‍ശിക്കുന്നതുമാണ് ‘മാവേലി ചരിതം’ എന്ന മൂലഗ്രന്ഥം. അക്കാരണത്താല്‍ തന്നെ അത് തമസ്ക്കരിക്കപ്പെട്ടു.
മാവേലി എന്ന ശൈവ രാജാവ് മഹാബലി എന്ന സവര്‍ണ ബിംബമായി മാറുന്നതും മാവേലിയെയും പ്രജകളെയും കീഴ്പ്പെടുത്തി വൈഷ്ണവ രാജാവ് അധികാരം കൈയ്യാളിയതുമെല്ലാം പ്രതിപാദിക്കുന്ന ചരിത്ര പ്രാധാന്യമുള്ളൊരു അധിനിവേഷത്തിന്‍െറ ഉള്ളറകള്‍ തുറക്കുന്നതാണ് മാവേലി ചരിതം. കടുത്ത ജാതിവ്യവസ്ഥയും രാജഭണത്തിന്‍െറ ഏകാധിപത്യ ദുര്‍ഗങ്ങളും നിലനിന്നിരുന്ന കാലത്താണ് രചന. അഞ്ച് നൂറ്റാണ്ട് മുമ്പുണ്ടായ മുന്നൂറ് വരി കാവ്യത്തില്‍ നിന്നുള്ള 12 വരികള്‍ മാത്രം അന്വശരമായതിന് പിന്നിലും ചരിത്ര രചയിതാക്കളുടെ സവര്‍ണരാഷ്ട്രീയമുണ്ട്. മലയാളികളുടെ ഓണാഘോഷത്തെ കുറിച്ചും മാവേലിയെന്ന ഭരണാധികാരിയെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഈ കാവ്യത്തിന്‍െറ വരികളില്‍ തന്നെ വ്യക്തമാണ് ഓണവുമായി ബന്ധപ്പെട്ട് ചരിത്രത്തിന് സംഭവിച്ച അക്ഷരത്തെറ്റ്.
കേട്ടുകേള്‍വിയില്ലാത്ത ഒരു ഓണക്കാലമാണ് കിളിപ്പാട്ട് മാതൃകയിലുള്ള മാവേലിചരിതത്തില്‍. തൃക്കാക്കരയില്‍ നിന്നെത്തിയ ആരോമല്‍പ്പൈങ്കിളിപ്പെണ്‍കിടാവാണ് വടക്കന്‍ പാട്ടിന്‍െറ താളത്തോടെ തെളിമലയാളത്തില്‍ മാവേലി ചരിതം പാടുന്നത്. ആരോമല്‍ പൈങ്കിളി ചൊല്ലിയ തൃക്കാക്കര മഹാമന്നന്‍െറ കേളികള്‍ കേട്ടുപഴകിയ മഹാബലിയുടെ അപദാനമല്ല. തൃക്കാക്കരയില്‍, മഹാദേവന്‍െറ ഭക്തനായി തൃപ്പാദസേവ ചെയ്ത് മുപ്പാരിടത്തിലും കേളിപൊക്കിയ മാവേലി രാജാവിന്‍െറ മഹത്വമാണ്.
അദ്ദേഹം നാടുവാണീരുന്ന കാലത്ത് മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിച്ചിരുന്നു. ആര്‍ക്കും ആപത്തും ആധികളും വ്യാധികളുമില്ല. ബാലമരണങ്ങളും ദുഷ്ടരുമില്ല. നല്ലവരല്ലാത്ത ആരുമില്ല. കള്ളവും ചതിയും കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളൊന്നുമില്ലാത്ത നാട്. മാവേലി ചരിതം മൂടിവെച്ചവരും ഇക്കാര്യം സമ്മതിക്കും. പക്ഷെ, മഹാബലി എന്ന രാജാവിന്‍െറയും വാമനന്‍െറയും കഥയോടപ്പമായിരിക്കും എന്നുമാത്രം.
ഏത് കാലത്തെയും ദേശത്തെയും ജനങ്ങളെ പ്രലോഭിപ്പിക്കുന്ന, അവര്‍ അഭിലഷിച്ചുപോവുന്ന സ്ഥിതിസമത്വ സമൃദ്ധസുന്ദരമായ ഒരു മാതൃകാരാഷ്ട്രത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അവതരിപ്പിക്കുകയാണ് മാവേലി ചരിതം.
സമത്വസുന്ദരമായ ആ നാട് ഭരിക്കുന്ന മാവേലി മന്നന്‍ അരുളിയ പ്രകാരം മഹാദേവന്‍െറ തിരുനാളിനാണ് മാലോകര്‍ ഓണം ആഘോഷിക്കുന്നത്. ഏഴ് ദിവസവും ഓണം ആഘോഷിക്കണമെന്നും ഉല്ലാസത്തോടെ ഭക്ഷിക്കണമെന്നുമെല്ലാം നിര്‍ദേശിക്കുന്നുണ്ട്. ഓണക്കാലത്ത് തൃക്കാക്കര മഹാദേവനെ മാത്രമല്ല പക്കത്ത് വാഴുന്ന അംബയെയും മനസില്‍ ധ്യാനിച്ച് വേണം ഓണം കൊണ്ടാടാന്‍. ഇങ്ങിനെയെല്ലാം ആഘോഷിച്ചാല്‍ പാരില്‍ സൗഖ്യം വിളങ്ങുമത്രെ. മഹാദേവന്‍െറ അരികിലുള്ള പാര്‍വതീ പ്രതിഷ്ഠയെ കുറിച്ചും സൂചിപ്പിക്കുന്നതോടെ മാവേലി രാജാവ് ശിവഭക്തനായിരുന്നെന്ന് ബോധ്യപ്പെടുന്നു. ഓണത്തിന് വേണ്ട കളികളെ കുറിച്ചും വിസ്തരിച്ച് പാടി, ‘ഇങ്ങനെയെല്ലോയിന്നോണം വന്നു’എന്ന് പ്രസ്താവിക്കുമ്പോള്‍ ഓണത്തിന്‍െറ ഉല്‍ഭവത്തെ കുറിച്ച് പറഞ്ഞ് പഴകിയ ചരിത്രത്തിന് പാഠഭേദമാകുന്നു.
ഓണവിഭവങ്ങളെ കുറിച്ചും ചമയങ്ങളെ കുറിച്ചുമെല്ലാം വിശദമായി പറയുന്നുണ്ട്. അപ്പവും അടയും പര്‍പ്പേറും പര്‍പ്പടവും മാത്രമല്ല അഞ്ച് കറികള്‍കൂടി വേണം ഓണം ഗംഭീരമാകാന്‍. ഓണം കഴിയുമ്പോള്‍ തൃക്കാക്കര ദേവനെ കാണാന്‍ പോകണമെന്നും ‘കേരളയൂളിക്കുടയവരാകിന, കേരള മന്നവന്‍ മന്നരാജനാ’യ മാവേലി നിര്‍ദേശിക്കുന്നു. തൃക്കാക്കര യാത്ര ബുദ്ധിമുട്ടാണെന്നറിഞ്ഞപ്പോള്‍ ജനം അവരവരുടെ വീടുകളില്‍ ഓണം ആഘോഷിച്ചാല്‍ മതിയെന്ന ബദല്‍ കല്‍പന പുറപ്പെടുവിച്ചു. അധികാരം നഷ്ടപ്പെട്ട് തൃക്കാക്കര വിട്ടുപോകേണ്ടി വന്നപ്പോള്‍ സങ്കടപ്പെട്ട ജനങ്ങളെ ‘ഖേദിക്കവേണ്ടെന്‍െറ മാനുഷരേ, ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്, തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്’ എന്ന് രാജാവ് ആശ്വസിപ്പിച്ചു.
മാവേലി മണ്ണുപേക്ഷിച്ച് മാധവന്‍ നാടുവാണീടുമ്പോള്‍ മാവേലിയോണം മുടങ്ങി മോടികളൊക്കെ മാറി. പുതിയ രാജാവ് നിത്യവും ആയിരം ബ്രാഹ്മണരെ ഊട്ടിത്തുടങ്ങുകയാണ് ചെയ്തത്. എന്‍െറ ഭൂമിയടക്കംവാങ്ങി ഞാനുപേക്ഷിച്ച് പോന്നശേഷം ഓണം മുടങ്ങുകയും മാനുഷര്‍ വലയുകയും ചെയ്തല്ലോ എന്നാണ് ഇതറിഞ്ഞ മാവേലി ചോദിക്കുന്നത്. അമ്പാടിയില്‍ വളര്‍ന്ന് അമ്മാവനെക്കൊല ചെയ്ത നാരിമാരുടെയും പൂതനയുടെയും മുലയുണ്ട് വെണ്ണയും പാലും തൈരും കട്ട് നാരിമാരുടെ കൂറ കവര്‍ന്നും കാലികളെ മേച്ച് നടന്ന് കുന്ന് കുടയായ് പിടിച്ച് പെണ്ണുങ്ങളെ ചതിചെയ്യുകയും കുചേലന്‍െറ അവില്‍ വാരിത്തിന്ന് പാര്‍ഥന്‍െറ തേരു തെളിച്ചവനെ സേവിച്ച് വാഴുന്ന രാജവീരാ ഇങ്ങനെയാവാന്‍ എന്താ കാരണം എന്നാണ് മാവേലി രാജാവ് കോപിക്കുന്നത്.
രാജ്യം ഉള്‍പ്പെടെ സമസ്തവും വൈഷ്ണവനായ ഭരണാധികാരിക്ക് കൈമാറുമ്പോള്‍ മാവേലി ചില ചട്ടങ്ങളും വ്യവസ്ഥകളും വച്ചിരുന്നു. അതെല്ലാം ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പുതിയ ഭരണാധികാരി അതെല്ലാം അംഗീകരിച്ചെങ്കിലും മാവേലിമന്നന്‍ മറഞ്ഞശേഷം ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു. മാവേലിയുടെ കോപം ഭയന്ന് തിരുവോണനാളില്‍ തന്‍െറ പ്രജകളെ കാണാനുള്ള അവസരം നല്‍കി മാധവ ഭക്തനായ രാജാവ്. നാരിമാരും ബാലന്മാരുമെല്ലാം ഉല്ലാസത്തോടെ കൊണ്ടാടുന്ന ഓണത്തിന്‍െറ അഞ്ചാം ദിവസം, ഉത്രാടം അസ്തമിക്കുമ്പോഴേക്ക് വെള്ളരിയും വെറ്റിലയും ചെമ്പഴുക്കയുമെല്ലം ഒരുക്കി ശിവലിംഗം എഴുന്നള്ളിക്കണം. ലിംഗം എഴുന്നള്ളിച്ച് നെല്ലുമരിയും നിറപറ വെച്ച്, നല്ല കനകം നിറച്ച് വെച്ച്, നല്ലിളനീര്‍ വെട്ടി കലശമാടുമ്പോള്‍ മഹാദേവനും മാവേലിയും ഭൂലോകം കാണാനെഴുന്നള്ളും. എഴുന്നള്ളത്തിനെകുറിച്ച് കേട്ട് ദേവലോകത്ത് നിന്ന് ദേവനാരികളും നാകലോകത്ത് നിന്ന് നാക നാരിമാരും ആകാശത്ത് നിന്ന് നക്ഷത്രാദികളും എവിടെനിന്നോ തുഞ്ചത്തുരാമനും തൃക്കാക്കരയെത്തി. എഴന്നള്ളത്ത് കഴിഞ്ഞ് മാവേലി മടങ്ങുംന്നേരം ആളുകള്‍ ആകെ വിഷമിക്കുമ്പോള്‍ ഖേദിക്കേണ്ടാ നിങ്ങള്‍ മാനുഷരേ ഏഴുനാള്‍ ചെന്നേ ഞാന്‍ പോകയുള്ളൂ എന്ന് ഉറപ്പ് നല്‍കി പ്രജാപ്രിയനായ മവേലി. അപ്പോള്‍ തെളിഞ്ഞ മനസോടെ മാനുഷരെല്ലാരുമൊന്നുപോലെ ഉല്ലാസത്തോടെ ഉച്ചമലരിയും പിച്ചകപ്പൂവും വാടാത്ത മല്ലിയും റോസാപ്പൂവും ചെമ്മേറും മുറ്റത്തണിച്ചൊരുക്കി. മൂന്നാല് പെണ്ണുങ്ങള്‍ അത്തപ്പൂവിട്ടും കുരവയിട്ടും ഓണം കൊണ്ടാടിയ കഥയാണ് ആരോമല്‍ പൈങ്കിളി പറഞ്ഞത്.
വൈഷ്ണവനായ രാജാവിന്‍െറ അനുമതിയോടെ തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരുന്ന തൃക്കാക്കരയപ്പന് പുരാണ പുരുഷനായ മഹാബലിയുമായി യാതൊരു ബന്ധവുമില്ല. മഹാബലി വൈഷ്ണവനാണെങ്കില്‍ മാവേലി ശൈവനാണ്. രാജ്യത്ത് പലയിടത്തും ശിവക്ഷേത്രങ്ങള്‍ വിഷ്ണുക്ഷേത്രമായി മാറിയതുപോലെ തൃക്കാക്കരയും അവിടത്തെ രാജാവും ആഘോഷവുമെല്ലാം അപഹരിക്കപ്പെടുകയായിരുന്നു.
നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാവേലിയുടെ തിരുവോണവരവ് സജീവമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ചില പില്‍ക്കാല ബുദ്ധികേന്ദ്രങ്ങള്‍ മാവേലിയുടെ സ്ഥാനത്ത് മഹാബലിയെ നിബന്ധിച്ചു. പിന്നെ വാമനന്‍െറ ചവിട്ടിത്താഴ്ത്തല്‍ കഥയും പ്രചരിപ്പിച്ചു. അതാണ് ഇപ്പോഴത്തെ ശ്രാവണപാഠം. യഥാര്‍ഥ മാവേലിയെ കേരളീയര്‍ മറന്നു.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളത്തിലെ പ്രിയപാട്ടിന്‍െറ പൂര്‍ണരൂപവും അതിന്‍െറ കര്‍ത്താവിനെയും കണ്ടെത്തുക എന്നത് മഹത്വം തന്നെ. വിശേഷിച്ചും ശ്രേഷ്ഠഭാഷക്കായി നൂറ് കോടിയുടെ കേന്ദ്ര സഹായം ലഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍. പണ്ഡിതരും പഠിതാക്കളും യഥാര്‍ഥ മാവേലിയെയും ഓണത്തേയും കുറിച്ച് കൂടുതല്‍ പഠിക്കട്ടെ.
മാവേലിനാടു വാണീടുംകാലം എന്ന ഓണപ്പാട്ടിന്‍െറ പുര്‍ണരൂപവും കര്‍ത്താവും അജ്ഞാതമായിരുന്നു ഇതുവരെ. പ്രസിദ്ധമായ ഒരു കവിതയുടെ രചയിതാവായിരുന്നിട്ടും അജ്ഞാതനായിപ്പോയ, മലയാളമണ്ണില്‍ ഓണവും ഓണപ്പാട്ടും നിലനില്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും കാരണക്കാരനായ തൃക്കാക്കരവാണ മാവേലിയെ അനശ്വര ഭരണാധികാരിയാക്കിയ ‘മാവേലിചരിത’കാരന്‍ ഒരു ശങ്കര കവിയാണെന്ന തിരിച്ചറിവും മാവേലി ചരിതം എന്ന കാവ്യത്തിന്‍െറ കണ്ടെടുക്കലുമാണ് ഈ ഓണക്കാലത്തിന്‍െറ സവിശേഷത. ആ ശ്രമകരമായ ഉദ്യമത്തിന് പിന്നില്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ എന്ന അന്വേഷകനാണ്.
രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയിലും ജനസ്നേഹിയായ കവി എന്ന നിലയിലും രാജഭരണത്തിന്‍െറ ഏകശാസനാ ക്രൗര്യങ്ങള്‍ക്കിടയില്‍ മാവേലി എന്ന ഉത്തമഭരണാധികാരിയെ കുറിച്ച് ധീരമായി പാടിയത് അന്നത്തെ നിലയില്‍ ശങ്കര കവിയുടെ അതിസാഹസികമായ രാജനിന്ദയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്. ആ കവിയെയും കാവ്യത്തെയും വീണ്ടെടുക്കാന്‍ യത്നിച്ച പുനസംഘാടകനും അര്‍ഹമായ അംഗീകാരം നല്‍കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു കവിയും കാവ്യവും കൂടി ഉണ്ടെന്ന് വരുന്നത് ഭാഷയുടെ പഴമ അടയാളപ്പെടുത്തുന്നതോടൊപ്പം ഈ കൊച്ചു ഭാഷയില്‍ ഇത്രയും ആഴത്തില്‍ ചിന്തിക്കാനാവും എന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട്.
‘ശങ്കര നിര്‍മ്മിതമായ പാട്ട്, വിദ്യയില്ലാത്തവര്‍ ചൊല്ലുന്നേരം, വിദ്വാന്മാര്‍ കണ്ടതിന്‍ കുറ്റം തീര്‍പ്പിന്‍’എന്ന പ്രസ്താവനയോടെയാണ് മാവേലി ചരിതം അവസാനിക്കുന്നത്. മാവേലി ചരിതത്തിന്‍െറ കര്‍ത്താവിനെ കുറിച്ച് പാട്ടില്‍ നിന്ന് ലഭിക്കുന്ന സൂചന ഇതുമാത്രമാണ്. കൂടുതല്‍ പഠനങ്ങളിലൂടെ കവിയുടെ കാലവും മറ്റും കണ്ടെത്തേണ്ടിയിരിക്കുന്നു. മാവേലിയുടെയും ശിവന്‍െറയും എഴുന്നള്ളത്ത് കാണാന്‍ തൃക്കാക്കര എത്തിയവരില്‍ ഒരു തുഞ്ചത്ത് രാമനും ഉള്‍പ്പെട്ടിട്ടുണ്ട്. പാട്ടിന്‍െറ വടക്കന്‍ ശൈലിയും കിളിപ്പാട്ട് മാതൃകയുമെല്ലാം കുട്ടി വായിക്കുമ്പോള്‍ ഭാഷാപിതാവിനും ഈ കാവ്യവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

കവിതയുടെ വേറിട്ട ശബ്ദം