പതിനാലാം രാവിന്‍െറ ശോഭ എന്ന കാവ്യ ഭാവനയെ അസ്ഥാനത്താക്കി ചക്രവാളത്തില്‍ വിരിഞ്ഞ പൂര്‍ണചന്ദ്രന്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ഞായറാഴ്ച രാത്രി ചന്ദ്രന്‍ ഭൂമിക്ക് തൊട്ടടുത്തെത്തിയപ്പോഴാണ് ആളുകളുടെ കണ്ണുകളില്‍ ആശ്ചര്യത്തിന്‍െറ വേലിയേറ്റമുണ്ടായത്.
വലിയ ചന്ദ്രന്‍ അഥവാ ‘സൂപ്പര്‍മൂണ്‍’ എന്ന അപൂര്‍വ പ്രതിഭാസമാണ് ഭൂമിയോട് ഏറ്റവുമടുത്ത് പൂര്‍ണപ്രഭയോടെ പ്രകാശിച്ചത്. ബുദ്ധപൂര്‍ണിമ ദിനത്തിലാണ് ഇത്തവണ സൂപ്പര്‍മൂണ്‍ പ്രകാശിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷത്തെ തിളക്കമേറിയ പൂര്‍ണചന്ദ്രനാണ് ഞായറാഴ്ച തെളിഞ്ഞത്. 20 വര്‍ഷത്തിനിടെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വന്നത് കഴിഞ്ഞവര്‍ഷത്തെ പൂര്‍ണചന്ദ്ര ദിനമായ മാര്‍ച്ച് 19നായിരുന്നു.
ഭൂമിയില്‍ നിന്ന് ഏകദേശം അരലക്ഷം കിലോമീറ്ററോളം അടുത്തെത്തിയാണ് ചന്ദ്രന്‍ നിലാവ് പരത്തിയത്. പൂര്‍ണചന്ദ്രന്‍െറ സവിശേഷ ശോഭക്കും വലിപ്പത്തിനുംകാരണവും ഇത് തന്നെ. പതിവിലും കവിഞ്ഞ് ഏകദേശം 16 ശതമാനം വരെ വലിപ്പമുണ്ടായിരുന്നു സൂപ്പര്‍മൂണിന്. നേരിയ നിറംമാറ്റവും അപൂര്‍വ ചന്ദ്രന്‍െറ ശോഭയേറ്റി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്‍ ഭൂമിയോട് ഇത്രയടുത്ത് വരുന്നത്. സാധാരണയായി സൂര്യോദയത്തിനൊപ്പം തന്നെ അസ്തമിക്കുന്ന ചന്ദ്രന്‍ സൂപ്പര്‍മൂണ്‍ ദിവസങ്ങളില്‍ സൂര്യന്‍ അസ്തമിച്ച് ഒരു മണിക്കൂറിന് ശേഷം അതേ ചക്രവാളത്തില്‍ തന്നെ ഉദിച്ചതും കൗതുകമുണര്‍ത്തി. നവംബര്‍ 28നോ 29നോ ആയിരിക്കും ഈ വര്‍ഷത്തെ ഏറ്റവും അകന്ന പൂര്‍ണചന്ദ്രന്‍.
1955ലും 74ലും 92ലും 2005ലും ചന്ദ്രന്‍ ഭൂമിയോടടുത്തുവന്നപ്പോള്‍ കാലാവസ്ഥയില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു.
ചന്ദ്രന് ഭൂചലനമൊന്നും ഉണ്ടാക്കാനുളള കെല്‍പ്പില്ലെങ്കിലും ശക്തമായ വേലിയേറ്റമുണ്ടാക്കാനാകുമെന്നും ശാസ്ത്രലോകം സൂപ്പര്‍മൂണ്‍ എന്ന് വിളിക്കുന്ന പ്രതിഭാസമുണ്ടായാല്‍ ഭൂകമ്പവും അഗ്നിപര്‍വതസ്ഫോടനവും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ടെന്നും തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ബിജുപറഞ്ഞു.
Comments
Post a Comment