തെന്നല വില്ലേജിലെ കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തി അളന്നു തിരച്ച

കോട്ടക്കല്‍: തെന്നല വില്ലേജില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയ ഭൂമിയില്‍ കൈയ്യേറ്റക്കാര്‍ ഭൂമിയളവ് നടത്തിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല. എടരിക്കോട് സ്പിന്നിംങ്ങ് മില്ലിന് സമീപം റീസര്‍വ്വേ 139/19, 139/20 നി.കെ (നികുതി കെട്ടാത്ത) ഭൂമിയിലാണ് സ്വകാര്യ വ്യക്തികള്‍ ചൊവ്വാഴ്ച സര്‍വ്വേ നടത്തിയത്. വില്ലേജ് രേഖകളില്‍ ജന്മിയോ പട്ടയമോ ഇല്ലാത്ത പുറമ്പോക്ക് ഭുമിയാണിത്. ഇവിടെ സ്വകാര്യ വ്യക്തികള്‍ വളച്ചുകെട്ടി ഭൂമി കൈയ്യേറിയത് തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ഭൂമി പ്രദേശത്തെ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനാണ് ശ്രമിച്ചതെന്ന രാഷ്ട്രീയ നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെയാണ് ഭൂമിയളവ് നടന്നത്. ഇതോടെ കൈയ്യേറ്റത്തിന് പിന്നില്‍ ഭൂമാഫിയയുടെയും രാഷിട്രീയക്കാരുടെയും സ്വാധീനമാണെന്ന് വ്യക്തമായി.    
ഏറെക്കാലമായി നുകുതിയടക്കുകയോ കീഴാധാരം പോലുള്ള രേഖകളോ ഇല്ലാത്ത ഭുമി വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ സ്വകാര്യ വ്യക്തികള്‍ അനുഭവിക്കുകയാണ്. ഇതിനിടെ സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, മുസ്ലീം ലീഗ് വാര്‍ഡ് പ്രസിഡന്‍റ് കോറാട്ടില്‍ അബ്ദുല്‍ മജീദ്, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്‍റ് ചക്കപ്പറമ്പന്‍ കുഞ്ഞിമരക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭുരഹിതര്‍ക്ക് പതിച്ച് നല്‍കാനെന്ന പേരില്‍ ചര്‍ച്ച നടന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി അന്യായമായി കൈവശം വെച്ച സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാനെന്ന പേരില്‍ രാഷിട്രീയ നേതാക്കള്‍ പണം ആവശ്യപ്പെട്ടതിനെതിരെ നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു. ആറോളം സ്വകാര്യ വ്യക്തികളാണ് അനതികൃതമായി ഭൂമി കൈവശം വെക്കുന്നത്. ഇതിലൊരാളാണ് ഞായറാഴ്ച വളച്ച് കെട്ടാന്‍ ശ്രമിച്ചതും അളന്നതും. എന്നാല്‍ വളച്ച് കെട്ടിയ ദിവസം രാത്രി തന്നെ സമീപത്തെ താമസക്കാര്‍ ചേര്‍ന്ന് മതില്‍ തകര്‍ത്തിരുന്നു. അവധി ദിവസങ്ങളുടെ മറവില്‍ നടന്ന വളച്ച് കെട്ടലിനെതിരെ റവന്യൂ അധികൃതര്‍ ഇതുവരെ നടപടി കൈകൊണ്ടിട്ടില്ല. ഇത് കൈയ്യേറ്റക്കാര്‍ക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ അവസരം നല്‍കി.
അതേസമയം, 1996 ഫെബ്രുവരിയില്‍ തെന്നല വില്ലേജ് ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രത്തില്‍ പട്ടയ നമ്പറോ ജന്മിയുടെ പോരോ ഇല്ലാത്ത ഭൂമിയാണെന്ന് അടയാളപ്പെടുത്തിയ ഈ ഭൂമിസര്‍ക്കാര്‍ ഭൂമിയല്ലെന്നാണ് ഇപ്പോഴത്തെ തെന്നല വില്ലേജ് ഓഫീസര്‍ വി.ടി. രാധാകൃഷ്ണന്‍ പറയുന്നത്. വകുപ്പ് തല നടപടിയുടെ ഭാഗമായി ഇയാളെ നേരത്തേ തെന്നലയില്‍ നിന്ന് സ്ഥലംമാറ്റുകയും തുടര്‍ന്ന് വീണ്ടും ഇവിടെ തന്നെ നിയമനം നേടുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ റവന്യൂ വിഭാഗം സൂപ്രണ്ട് ഇയാളെ സ്ഥലം മാറ്റണമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസറുടെ അറിവോടെയാണ് വിവാദ ഭൂമി വീണ്ടും വളച്ച് കെട്ടാനും അളന്നെടുക്കാനും തുനിഞ്ഞതെന്ന് സൂചനയുണ്ട്.
അതിനിടെ മുത്തങ്ങ മാതൃകയില്‍ ഭൂമികൈയ്യേറി വില്‍പന നടത്താനായിരുന്നു ഭുമാഫിയയുടെ നീക്കം. ഭൂരഹിതരായ ആളുകള്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടിയാല്‍ പതിച്ച് കിട്ടുമെന്നാണ് മാഫിയകളുടെയും രാഷ്ട്രീയ നേതാക്കളുടെയും കണക്കുകൂട്ടല്‍. മാത്രമല്ല, സ്വകാര്യ നി.കെ ഭൂമികള്‍ എം.എല്‍.ആര്‍. നിയമപ്രകാരം ആ.ര്‍.ഡി.ഒ. പതിച്ച് നല്‍കുമെന്നും കയ്യേറ്റക്കാര്‍ കരുതുന്നുണ്ട്. അതിനിടെയാണ് മാധ്യമം ഇക്കാര്യം പുറത്ത് കൊണ്ടു വന്നത്. നേരത്തേ ഇതേ ഭൂമിവിവാദത്തില്‍ നടപടി നേരിട്ട വില്ലേജ് ഓഫീസറുടെ ബന്ധു എം.എല്‍.ആര്‍ നിയമപ്രകാരം പട്ടയം തരപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രദേശവാസിയുടെ പരാതിയെ തുടര്‍ന്ന് ആര്‍.ഡി.ഒ. അപേക്ഷ നിരസിക്കുകയായിരുന്നു.
അതേസമയം പത്രവാര്‍ത്തയെക്കുറിച്ചറഞ്ഞിട്ടുണ്ടെന്നും രണ്ട് ദിവസമായി എറണാംകുളത്തായതിനാല്‍ ആവശ്യമായ നടപടി എടുക്കാന്‍ കഴിഞ്ഞില്ലെന്നും തിരൂര്‍ ആര്‍.ഡി.ഒ. മാധ്യമത്തോട് പറഞ്ഞു. റവന്യൂ വകുപ്പ് സംഭവം ഗൗരവത്തോടെ കാണുന്നുണ്ടെന്നും അടിയന്തരമായി കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Comments

Popular posts from this blog

കവിതയിലെ നിത്യയൌവനം

എന്‍െറ പുഴ

ചിദംബര സ്മരണ